Mathrubhumi

ഡോ.അച്ചാരുപറമ്പിലിന്റെ കബറടക്കം ഇന്ന്‌

Posted on: 28 Oct 2009




കൊച്ചി: കാലംചെയ്ത വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ ഭൗതിക ശരീരം വണങ്ങാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ആയിരങ്ങളെത്തി.

എറണാകുളം ബ്രോഡ്‌വേയിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലാണ് പിതാവിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിനു വെച്ചത്. സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍, രാവിലെ മുതല്‍ രാത്രി വൈകും വരെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം ലൂര്‍ദ് ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് ബിഷപ്ഹൗസിലേക്ക് കൊണ്ടുവന്നത്. ബിഷപ് ഹൗസിലെ ചാപ്പലില്‍ വെച്ച് ഒപ്പീസ് ചൊല്ലിയ ശേഷം മൃതദേഹം പൊതുദര്‍ശനത്തിനായി സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ എത്തിച്ചു. ഒപ്പീസ് കര്‍മങ്ങള്‍ക്ക് മെത്രാപ്പോലീത്ത കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ നേതൃത്വം നല്‍കി.

സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ രാവിലെ നടന്ന ദിവ്യബലിക്ക് അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ജോസഫ് കാരിക്കശ്ശേരി നേതൃത്വം നല്‍കി. അതിരൂപതയിലെ എല്ലാ വൈദികരും സന്ന്യസ്തരും പങ്കുചേര്‍ന്നു. വൈകീട്ട് നാലിന് മഞ്ഞുമ്മല്‍ സിഎംസി സഭയുടെ നേതൃത്വത്തിലും ദിവ്യബലി നടന്നു.

രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലുള്ള നിരവധി പേര്‍ പിതാവിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു. കേന്ദ്ര സഹമന്ത്രി കെ.വി. തോമസ്, മന്ത്രിമാരായ തോമസ് ഐസക്, എം.എ. ബേബി, എസ്. ശര്‍മ, ജോസ് തെറ്റയില്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍-മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്കു വേണ്ടി റീത്തുകള്‍ സമര്‍പ്പിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി, പി. രാജീവ് എംപി, ജില്ലാ കളക്ടര്‍ ഡോ. എം. ബീന, സ്ഥാനാര്‍ഥികളായ ഡൊമിനിക് പ്രസന്‍േറഷന്‍, പി.എന്‍. സീനുലാല്‍, ശോഭാ സുരേന്ദ്രന്‍, എംഎല്‍എമാരായ കെ. ബാബു, എ.എം. യൂസഫ്, സി.എം. ദിനേശ്മണി, സൈമണ്‍ ബ്രിട്ടോ, കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മലങ്കര ശ്രേഷു കാതോലിക്ക ബാവ പൗലോസ് മാര്‍ മിലിത്തിയോസ്, കോട്ടപ്പുറം ബിഷപ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കണ്ണൂര്‍ ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍, വികാരിജനറല്‍ മോണ്‍സിഞ്ഞോര്‍ വിന്‍സന്റ് അറയ്ക്കല്‍, കൊച്ചി ഡപ്യൂട്ടി മേയര്‍ മണിശങ്കര്‍, മുന്‍ എംപി സെബാസ്റ്റ്യന്‍പോള്‍, വി.എം. സുധീരന്‍, വൈക്കം വിശ്വന്‍, എം.ഒ. ജോണ്‍, എന്‍എസ്‌യു പ്രസിഡന്റ് ഹൈബി ഈഡന്‍ തുടങ്ങി നിരവധി പ്രമുഖര്‍ റീത്ത് സമര്‍പ്പിച്ചു.

അതിരൂപതയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരുമടക്കം ആയിരങ്ങളാണ് പള്ളിയിലെത്തിയത്. പിതാവിന്റെ ഭൗതികദേഹം വണങ്ങുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യാന്‍ നിരവധി പ്രേഷിത പ്രവര്‍ത്തകര്‍ പള്ളിയിലും പരിസരത്തുമായുണ്ടായിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ സമ്പൂര്‍ണ സഭാ ബഹുമതികളോടെ ബുധനാഴ്ച 3.30 ന് നടക്കും. കാലത്ത് ഏഴിന് പിതാവിന്റെ ഭൗതികശരീരം സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ പ്രത്യേക വേദിയിലേക്കു മാറ്റും. ഇവിടെ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. 3.30ന് മുംബൈ അതിരൂപത മെത്രാപ്പോലീത്ത കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി പെദ്രോ ലോപ്പസ് ക്വിന്താന, സീറോ മലബാര്‍സഭയുടെ പരമാധ്യക്ഷനും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ തുടങ്ങി അന്‍പതോളം മെത്രാന്മാര്‍ സംബന്ധിക്കും. തിരുവനന്തപുരം ആര്‍ച്ച് ബിഷപ് സൂസൈപാക്യം അനുസ്മരണ സന്ദേശം നല്‍കും. തുടര്‍ന്ന് നഗരികാണിക്കല്‍ പ്രദക്ഷിണത്തിനു ശേഷം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ അള്‍ത്താരയ്ക്കു സമീപം തയ്യാറാക്കിയ കല്ലറയില്‍ അച്ചാരുപറമ്പിലിന്റെ ഭൗതികശരീരം സംസ്‌കരിക്കും.

സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും ആര്‍ച്ച് ബിഷപ് അച്ചാരുപറമ്പിലിന്റെ മൃതദേഹം സംസ്‌കരിക്കുകയെന്ന് മന്ത്രി എസ്. ശര്‍മ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇതിനായി ഇലക്ഷന്‍ കമ്മീഷന്റെ അനുമതി വാങ്ങിയതായും ശര്‍മ വ്യക്തമാക്കി.
Pathravarthakal

News in this Section