Mathrubhumi

മാവോവാദി ആക്രമണം: ബിഹാറില്‍ 16 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

Posted on: 02 Oct 2009



ഖഗാരിയ: ബിഹാറിലെ ഖഗാരിയ ജില്ലയില്‍ മാവോവാദികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ 16 ഗ്രാമീണര്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് നൂറോളം വരുന്ന സംഘം അമോസി ഭരണ്‍ ദിയറയില്‍ ആക്രമണം നടത്തിയത്. 11 പുരുഷന്മാരും അഞ്ചു കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

ഗ്രാമവാസികള്‍ കൃഷിചെയ്തിരുന്ന ഭൂമി പിടിച്ചെടുക്കാനാണ് മാവോവാദികള്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നു. കൃഷിക്കായി താല്‍ക്കാലിക ഷെഡ്ഡുകളില്‍ താമസിച്ചിരുന്നവരാണ് ആക്രമണത്തിന് ഇരയായത്. ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

പിന്നാക്ക സമുദായക്കാരാണ് മരിച്ചവരെല്ലാം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയതായി ഐ.ജി കെ.എസ് ഭരദ്വാജ് പറഞ്ഞു. ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാനും ശ്രമം തുടങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Pathravarthakal

News in this Section