Mathrubhumi

സിലിഗുഡിയില്‍ കോണ്‍ഗ്രസ് ഇടതുമായി കൈകോര്‍ത്തു

Posted on: 02 Oct 2009


എസ്. ഭബാനി



കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിലിഗുഡി നഗരസഭയില്‍ ഇടതുമുന്നണിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തിലേറി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിന്റെ ദേശീയ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നഗരസഭയില്‍ പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ് പ്രതിനിധിയായ ഗായത്രിദത്തയാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ പിന്തുണയോടെ സിലിഗുഡിയില്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. അവര്‍ക്ക് 15നെതിരെ 32 വോട്ട് നേടാനായി. മേയര്‍ സ്ഥാനത്തെച്ചൊല്ലി ദീര്‍ഘകാലമായി തൃണമൂലുമായി നിലവിലുണ്ടായിരുന്ന ചേരിപ്പോരിനൊടുവിലാണ് കോണ്‍ഗ്രസ് ഇടതുമുന്നണിയുമായി ധാരണയിലെത്തിയത്.

ഇടതുപാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയത് അവിശുദ്ധസഖ്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. സിലിഗുഡിയിലെ ജനവിധിയെ കോണ്‍ഗ്രസ് അപമാനിക്കുകയും തള്ളുകയും ചെയ്തിരിക്കുകയാണെന്നും, അതിന് താന്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നതായും അവര്‍ പറഞ്ഞു.

'രാഷ്ട്രീയബദലിനായാണ് ജനങ്ങള്‍ വോട്ടുചെയ്തത്. എന്നാലത് മാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഞങ്ങള്‍ പ്രതിപക്ഷത്തിരുന്ന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. സഖ്യരാഷ്ട്രീയത്തെ മാനിക്കുന്നതിനാല്‍ ദേശീയ രാഷ്ട്രീയത്തില്‍ മന്‍മോഹന്‍ സര്‍ക്കാറിന് പിന്തുണ തുടരും. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തില്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല'മമത പറഞ്ഞു.

സിലിഗുഡി നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 15 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് 14 സീറ്റുമാണ് നേടിയത്. തൃണമൂല്‍ തിരഞ്ഞെടുപ്പിനുശേഷം സ്വതന്ത്രനായി ജയിച്ച ഒരു കൗണ്‍സിലറെ കൂട്ടുപിടിച്ച് അംഗബലം 15 ആക്കി ഉയര്‍ത്തുകയും മേയര്‍ സ്ഥാനത്തിനുവേണ്ടി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍, ഒരു കാരണവശാലും മേയര്‍സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം തുറന്നടിച്ചു. ആഴ്ചകള്‍ നീണ്ട ശീതസമരത്തിനൊടുവിലാണ് 17 അംഗങ്ങളുടെ പിന്തുണയുള്ള ഇടതുമുന്നണി കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതില്‍ സി.പി.എമ്മിന് 15 സീറ്റും ഫോര്‍വേഡ് ബ്ലോക്കിനും ആര്‍.എസ്.പി.ക്കും ഓരോ സീറ്റു വീതവുമാണുള്ളത്.



Pathravarthakal

News in this Section