Mathrubhumi

ഗംഭീര്‍ മികച്ച ടെസ്റ്റ് താരം, ഏകദിനത്തില്‍ ധോനി

Posted on: 02 Oct 2009



ജൊഹാനസ്ബര്‍ഗ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ വീഴ്ച മറക്കാന്‍ ഇന്ത്യയ്ക്ക് ഐ.സി.സി. അവാര്‍ഡുകളുടെ സമാശ്വാസം. 2009ലെ ഏറ്റവും മികച്ച താരങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അവാര്‍ഡ്ദാനത്തില്‍ നിറഞ്ഞുനിന്നത് ഇന്ത്യന്‍ താരങ്ങള്‍. ഓപ്പണര്‍ ഗൗതം ഗംഭീര്‍ മികച്ച ടെസ്റ്റ് താരമായപ്പോള്‍ നായകന്‍ എം.എസ്. ധോനി മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം രണ്ടാം വര്‍ഷവും നിലനിര്‍ത്തി. ഐ.സി.സി.യുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായും ധോനിയെയാണ് തിരഞ്ഞെടുത്തത്. വെസ്റ്റിന്‍ഡീസ് മുന്‍നായകന്‍ ക്ലൈവ് ലോയ്ഡ് ചെയര്‍മാനായ പാനലാണ് അവാര്‍ഡ് ജേതാക്കളെയും ടീമിനെയും തിരഞ്ഞെടുത്തത്.

ധോനി നയിക്കുന്ന ഐ.സി.സി. ഏകദിന ടീമില്‍ വീരേന്ദ്ര സേവാഗും യുവരാജ്‌സിങ്ങും ടെസ്റ്റ് ടീമില്‍ ഗംഭീറും സച്ചിന്‍ തെണ്ടുല്‍ക്കറും ഇടംനേടി.

ഓള്‍റൗണ്ട് മികവിനുള്ള ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഓസ്‌ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍ കരസ്ഥമാക്കി. ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷനാണ് മികച്ച ട്വന്റി 20 താരം. മികച്ച ഭാവി വാഗ്ദാനമായി ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെ തിരഞ്ഞെടുത്തു. സ്​പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസീലന്‍ഡ് ടീമിനാണ്. അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച താരമായി അയര്‍ലന്‍ഡ് താരം വില്യം പോട്ടര്‍ഫീല്‍ഡ് മാറി. അലിംദാറാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച അമ്പയര്‍. ഇംഗ്ലണ്ടിന്റെ ക്ലെയര്‍ ടെയ്‌ലറാണ് മികച്ച വനിതാ ക്രിക്കറ്റര്‍. ധോനിയുടെ അഭാവത്തില്‍ ഗംഭീറാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത് .
Pathravarthakal

News in this Section