Mathrubhumi

കശ്മീരികളുടെ ചൈന വിസ: ഇന്ത്യ ആശങ്ക അറിയിച്ചു

Posted on: 02 Oct 2009


പി.എസ്. നിര്‍മല



ന്യൂഡല്‍ഹി: വിസയ്ക്കപേക്ഷിക്കുന്ന കശ്മീരികള്‍ക്ക് അത് പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിനുപകരം പ്രത്യേക കടലാസില്‍ നല്‍കുന്ന ചൈന എംബസി നടപടിയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയില്‍നിന്നുള്ള വിസ അപേക്ഷകര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലമോ അവരുടെ വംശമോ ആധാരമാക്കി വിവേചനം പാടില്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

എപ്പോള്‍ മുതലാണ് ചൈന എംബസി ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയതെന്ന് വ്യക്തമല്ല. ഡല്‍ഹി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരാണ് കുറച്ചുനാള്‍ മുമ്പ് ഇക്കാര്യം ശ്രദ്ധിച്ചത്. ഇത് വ്യാജവിസയാണെന്നു കരുതി ചില യാത്രക്കാരെ അവര്‍ തടയുകയും ചെയ്തു. പിന്നീട് എംബസിയില്‍നിന്നുള്ള കത്തുമായി ചിലര്‍ മടങ്ങിവന്നപ്പോഴാണ് ഇക്കാര്യം വിദേശമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

എന്നാല്‍, അരുണാചലില്‍നിന്നുള്ള വിസ അപേക്ഷകര്‍ക്ക് ഇതുപോലെ പ്രത്യേക കടലാസില്‍ വിസ നല്‍കുന്ന രീതി ചൈന നേരത്തേ കൈക്കൊണ്ടിരുന്നു. ചൈന അവകാശമുന്നയിക്കുന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ ജമ്മു-കശ്മീരിന്റെ പദവിയെ ചോദ്യംചെയ്യുന്ന നടപടിയല്ലേ ഇതെന്ന ചോദ്യം ഇന്ത്യ ഗൗരവത്തോടെ എടുത്തിട്ടുണ്ട്.

അതേസമയം, കടലാസില്‍ വിസ നല്‍കുന്നത് തങ്ങളുടെ രീതിയാണെന്നാണ് ചൈന എംബസി അധികൃതര്‍ പറയുന്നത്. ഇതും സ്വീകാര്യമായ വിസതന്നെയാണെന്നാണ് അവരുടെ വിശദീകരണം.

Pathravarthakal

News in this Section