Mathrubhumi

എയര്‍ ഇന്ത്യ സര്‍വീസ് സാധാരണ നിലയിലേക്ക്‌

Posted on: 02 Oct 2009



ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ അഞ്ചുദിവസത്തെ സമരം തീര്‍ന്നതോടെ സര്‍വീസുകള്‍ സാധാരണ നിലയിലായിത്തുടങ്ങി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച 18 വിമാനങ്ങള്‍ സര്‍വീസ് നടത്തി. പ്രത്യേക ബത്ത കുറച്ചതില്‍ പ്രതിഷേധിച്ച് പൈലറ്റുമാര്‍ നടത്തിയ സമരം ബുധനാഴ്ചയാണ് പിന്‍വലിച്ചത്.

അഞ്ചുദിവസം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തി റോസാപുഷ്പം നല്‍കിയാണ് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരെ വ്യാഴാഴ്ച സ്വീകരിച്ചത്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പ്രത്യേക നിരക്കില്‍ സര്‍വീസ് നടത്താനും എയര്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.

പൈലറ്റുമാരുടെ പ്രത്യേക ബത്ത വെട്ടിക്കുറച്ചത്‌സംബന്ധിച്ച തര്‍ക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. നടപടി പരിശോധിക്കാമെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്.

വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളും പുനരാരംഭിച്ചു. ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്-ചിക്കാഗോ, മുംബൈ-ഫ്രാങ്ക്ഫര്‍ട്ട്-ചിക്കാഗോ, മുംബൈ-ലണ്ടന്‍, ഡല്‍ഹി-ലണ്ടന്‍, അമൃത്‌സര്‍-ലണ്ടന്‍-ടൊറന്റോ, അഹമ്മദാബാദ്-ഫ്രാങ്ക്ഫര്‍ട്ട് വിമാനങ്ങളും വ്യാഴാഴ്ച സര്‍വീസ് നടത്തി.
Pathravarthakal

News in this Section