Mathrubhumi

പൈലറ്റ്‌സമരം പിന്‍വലിച്ചു

Posted on: 01 Oct 2009

ഡി. ശ്രീജിത്ത്



ന്യൂഡല്‍ഹി: ആയിരക്കണക്കിനു യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ പൈലറ്റുമാരുടെ സമരം ബുധനാഴ്ച പിന്‍വലിച്ചതോടെ അഞ്ച് ദിവസം നീണ്ട പ്രതിസന്ധിയില്‍നിന്ന് എയര്‍ ഇന്ത്യ രക്ഷപ്പെട്ടു.

ഇപ്പോഴുള്ള മുഴുവന്‍ ആനുകൂല്യങ്ങളും തുടര്‍ന്നും നല്കുമെന്നും ബുധനാഴ്ചയോടെ സമരം പിന്‍വലിച്ച് ജോലിക്ക് ഹാജരായില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ചൊവ്വാഴ്ച വൈകിട്ട് വ്യോമഗതാഗതമന്ത്രി പ്രഫുല്‍ പട്ടേല്‍ മുന്നറിയിപ്പ് നല്കിയിരുന്നു.

കേന്ദ്രമന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരം ചെയ്ത പൈലറ്റുമാരുടെ നേതാവ് ക്യാപ്റ്റന്‍ വി.കെ. ഭല്ല അറിയിച്ചു. പൈലറ്റുമാര്‍ സമരം പിന്‍വലിച്ചതില്‍ സന്തുഷ്ടനാണെന്നും വേതനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് സമിതിക്ക് രൂപം നല്കുമെന്നും മന്ത്രി അറിയിച്ചു. ബുധനാഴ്ച രാത്രിയോടെ ഒട്ടുമിക്ക സര്‍വീസുകളും പുനഃസ്ഥാപിച്ചെന്നും വ്യാഴാഴ്ച രാവിലെയോടെ സാധാരണനില കൈവരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ബുക്കിങ്ങും ടിക്കറ്റ് വിതരണവും പുനരാരംഭിച്ചിട്ടുണ്ട്.

നാലുദിവസം നീണ്ട സമരത്തില്‍ ഇരുനൂറോളം എയര്‍ ഇന്ത്യ പൈലറ്റുകളാണ് കൂട്ട രോഗാവധിയെടുത്തത്. മൂന്ന് മാസമായി ഫ്‌ളയിങ് അലവന്‍സ് അനുവദിക്കാതിരുന്നതും ഉത്പാദനക്ഷമതാ ആനുകൂല്യം (പി.എല്‍.ഐ.) അമ്പതു ശതമാനമായി വെട്ടിക്കുറച്ചതുമാണ് പ്രതിഷേധത്തിന്റെ മുഖ്യകാരണം. സമരത്തിന്റെ ഭാഗമായി 240 വിമാനസര്‍വീസുകളാണ് റദ്ദാക്കേണ്ടിവന്നത്. ഈ കാലയളവില്‍ എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 100 കോടിയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. സമരം തീരാത്തതിനെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് എയര്‍ ഇന്ത്യ ബുക്കിങ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. പൈലറ്റ്‌സമരംമൂലം യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും എയര്‍ ഇന്ത്യ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെയും പൈലറ്റുമാരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരിക്കും പ്രശ്‌നപരിഹാരസമിതി രൂപവത്കരിക്കുന്നതെന്ന് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. വേതനംസംബന്ധിച്ച തര്‍ക്കം ഈ സമിതി പരിശോധിക്കും. എന്നാല്‍, പൈലറ്റുമാര്‍ സമരം പുനരാരംഭിക്കുകയാണെങ്കില്‍ ഏതു തരത്തിലുള്ള നടപടിയും കൈക്കൊള്ളാന്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് അധികാരമുണ്ടായിരിക്കും- അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ജീവനക്കാര്‍ക്കെതിരെ ഏകപക്ഷീയമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളില്ല. കമ്പനിയുടെ സാമ്പത്തികശേഷി മെച്ചപ്പെടുത്തുന്ന പരിപാടികള്‍ കൈക്കൊള്ളും. ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടും ധനമന്ത്രി പ്രണബ് മുഖര്‍ജിയോടും ചര്‍ച്ച നടത്തിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.



Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page