Mathrubhumi

രുക്‌സാന സുരക്ഷിതകേന്ദ്രത്തിലേക്ക്‌

Posted on: 01 Oct 2009



ജമ്മു: വീട്ടില്‍ അതിക്രമിച്ചുകയറി മാതാപിതാക്കളെ മര്‍ദിച്ച ഭീകരര്‍ക്ക് വെടിയുണ്ടകൊണ്ട് മറുപടി നല്‍കിയ രുക്‌സാനയുടെ കുടുംബത്തെ ഭീഷണി മുന്‍നിര്‍ത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

''എനിക്ക് പേടിയുണ്ട്. അവര്‍ പകരം വീട്ടിയേക്കും. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം'' - പതിനെട്ടുകാരിയായ രുക്‌സാന പറഞ്ഞു. ഈ അഭ്യര്‍ഥന കണക്കിലെടുത്ത് ജമ്മുകശ്മീര്‍ പോലീസിന്റെ നേതൃത്വത്തിലാണ് അവളെയും കുടുംബത്തെയും രജൗറിയിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയത്.

ശനിയാഴ്ച രാത്രിയാണ് രജൗറി ജില്ലയിലെ അപ്പര്‍ കല്‍ഡിയിലുള്ള രുക്‌സാനയുടെ വീട്ടിലേക്ക് ഭീകരര്‍ അതിക്രമിച്ചു കയറിയത്. പേടിച്ചരണ്ട രുക്‌സാനയെയും സഹോദരനെയും മാതാപിതാക്കള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഭീകരര്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട രുക്‌സാനയുടെ സഹോദരന്‍ കട്ടിലിനടിടിയില്‍ നിന്ന് പുറത്തുവന്ന് ഒരു മഴുവെടുത്ത് ഭീകരിലൊരാളെ വെട്ടി. അതോടെ ആക്രമണം സഹോദരനുനേരെയായി. സഹികെട്ട് രുക്‌സാന കട്ടിലിനടിയില്‍ നിന്ന് പുറത്തുവന്ന് ഭീകരിലൊരാളുടെ യന്ത്രത്തോക്ക് പിടിച്ചുവാങ്ങി അയാള്‍ക്കുനേരെ നിറയൊഴിച്ചു. അതോടെ നേരത്തെ മഴുകൊണ്ട് വെട്ടേറ്റ ഭീകരനും പുറത്തുകാത്തുനിന്ന മറ്റ് മൂന്നുപേരും ഇരുട്ടില്‍ ഓടിരക്ഷപ്പെട്ടു. മരിച്ച ഭീകരന്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഉസാമയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ഈ വാര്‍ത്തയറിഞ്ഞതോടെ ജമ്മു -കശ്മീരില്‍ രുക്‌സാനയ്ക്ക് വീരപരിവേഷമായി. ധീരതയെ വാഴ്ത്തിക്കൊണ്ട് അഭിനന്ദന പ്രവാഹം, ഭീകരരുടെ അതിക്രമത്തില്‍ സഹികെട്ട നാട്ടുകാര്‍ തിരിച്ചടിക്കുമെന്നതിന്റെ തെളിവാണിതെന്ന് രജൗറി പോലീസ് സൂപ്രണ്ട് ഷഫ്ക്കത്ത് പതാലി പറഞ്ഞു.

ഗവര്‍ണര്‍ എന്‍.എന്‍. വോറ രുക്‌സാനയുടെ ധീരതയെ അഭിനന്ദിച്ചു. അവള്‍ക്ക് രാജ്ഭവനില്‍ സ്വീകരണമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. രുക്‌സാനയ്ക്ക് ധീരതയ്ക്കുള്ള ഉയര്‍ന്ന ബഹുമതി നല്‍കി ആദരിക്കണമെന്ന് ഗുജ്ജര്‍ നേതാക്കള്‍ രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും അഭ്യര്‍ഥിച്ചു.

Pathravarthakal

News in this Section