Mathrubhumi

ആറുമാസം കൊണ്ട് ഒരുലക്ഷം ആരാധകര്‍; ട്വിറ്ററില്‍ തരൂര്‍

Posted on: 09 Sep 2009



തിരുവനന്തപുരം: ഇന്റര്‍നെറ്റിലെ എസ്.എം.എസ് സംവിധാനം എന്നറിയപ്പെടുന്ന ട്വിറ്ററില്‍ കേന്ദ്രമന്ത്രി ശശി തരൂരിന് ചൊവ്വാഴ്ച ഒരു ലക്ഷം ആരാധകര്‍ തികഞ്ഞു. 110003 ആരാധകരോടെ ഇന്ത്യയില്‍ തന്നെ ഇക്കാര്യത്തില്‍ ആദ്യ പത്തുപേരില്‍ ഒരാളാവുകയാണ് ശശി തരൂര്‍.

ഇന്റര്‍നെറ്റില്‍ ആശയവിനിമയത്തിനുള്ള പൊതുവേദികളില്‍ ഒന്നാണ് ട്വിറ്റര്‍ (twitter.com)..ഏറ്റവും കുറഞ്ഞ വാക്കുകളില്‍, ഏറ്റവും കുറഞ്ഞ സമയത്തില്‍ ഒരു സന്ദേശം ഇന്റര്‍നെറ്റിലൂടെ ആഗോളശ്രദ്ധയിലെത്തിയ്ക്കുക എന്നതാണ് ട്വിറ്ററിന്റെ ധര്‍മം. ട്വിറ്ററില്‍ ആര്‍ക്കും അംഗമാകാം. അംഗമായാല്‍ കോടിക്കണക്കിന് വരുന്ന ട്വിറ്റര്‍മാരിലേയ്ക്ക് നമുക്ക് സന്ദേശങ്ങള്‍ പായിക്കാം. കൂടാതെ നമ്മുടെ ട്വിറ്ററിലേയ്ക്ക് മറ്റ് ട്വിറ്റര്‍മാര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാം. നമുക്ക് അതിന് ഉടന്‍തന്നെ മറ്റ് ട്വിറ്റര്‍മാര്‍ കാണുന്നവിധത്തില്‍ മറുപടി നല്‍കാം. ഇത്തരത്തില്‍, നമ്മുടെ ട്വിറ്റര്‍ സൈറ്റിലേക്ക് സന്ദേശം നല്‍കുന്നവരെ ഫോളോവര്‍ എന്നാണ് അറിയപ്പെടുക. ചൊവ്വാഴ്ച ഉച്ചയോടെ ശശി തരൂരിന്റെ ട്വിറ്ററില്‍ ഒരു ലക്ഷം പേര്‍ തികഞ്ഞു. ട്വിറ്ററിലൂടെ ശശി തരൂരിന് സന്ദേശങ്ങള്‍ അയക്കുന്നവര്‍ ഒരുലക്ഷം പേരുണ്ട് എന്നര്‍ത്ഥം. ചൊവ്വാഴ്ച വൈകീട്ടോടെ തരൂരിന്റെ ആരാധകരുടെ എണ്ണം 110003 ആയി.

ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്ന കേന്ദ്രമന്ത്രിമാരായ ശശി തരൂരും എസ്.എം.കൃഷ്ണയും അവിടെ നിന്ന് മാറണമെന്ന കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയാണ് ചൊവ്വാഴ്ച ഒറ്റദിവസം കൊണ്ട് തരൂരിന് ഫോളവര്‍മാരുടെ പ്രവാഹം സൃഷ്ടിച്ചത്. മന്ത്രി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നത് നാണക്കേടാണെന്ന് പറഞ്ഞ ട്വിറ്റര്‍മാര്‍ക്ക് ശശി തരൂര്‍ മറുപടി നല്‍കിയത് ഇപ്രകാരം, ജനത്തിന്റെ കാശെടുത്ത് ഞാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചെങ്കില്‍ എനിക്കും അതില്‍ നാണക്കേടുണ്ടായേനെ. ഞാന്‍ താമസിക്കുന്നത് എന്റെ സ്വന്തം കാശ് ചെലവിട്ടാണ്''. ഇക്കഴിഞ്ഞ എപ്രിലിലാണ് ശശി തരൂര്‍ ട്വിറ്ററായത്. ആറുമാസം കൊണ്ട് ഒരു ലക്ഷം ഫോളോവര്‍മാര്‍ ഉണ്ടാകുന്ന ഒരേയൊരു ഇന്ത്യാക്കാരനാണ് ശശി തരൂര്‍


twitter.com/ShashiTharoor

Pathravarthakal

News in this Section