Mathrubhumi

റോജ ടി.ഡി.പി. വിട്ട് കോണ്‍ഗ്രസ്സിലേക്ക്‌

Posted on: 09 Sep 2009



ഹൈദരാബാദ്: പ്രശസ്ത സിനിമാതാരവും തെലുങ്കുദേശം പാര്‍ട്ടിയുടെ മഹിളാവിഭാഗം അധ്യക്ഷയുമായ റോജ കോണ്‍ഗ്രസ്സില്‍ ചേരുന്നു. അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ദുഃഖാചരണം കഴിഞ്ഞാലുടന്‍ താന്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് റോജ സൂചിപ്പിച്ചു. തെലുങ്കുദേശത്തില്‍നിന്നുള്ള രാജിക്കത്ത് അവര്‍ ചന്ദ്രബാബു നായിഡുവിന് ഫാക്‌സ് ചെയ്തു.

തെലുങ്കുദേശത്തിനുവേണ്ടി കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം താന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടും ഒരു പരിഗണനയും ലഭിച്ചില്ലെന്ന് റോജ രാജിക്കത്തില്‍ പരാതിപ്പെട്ടു. ഭാവിയിലും താന്‍ പരിഗണിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതിനാലാണ് രാജിവെക്കുന്നതെന്നും അവര്‍ പറഞ്ഞു.

മൂന്നാഴ്ച മുന്‍പ് റോജ രാജശേഖരറെഡ്ഡിയെ നേരില്‍ക്കണ്ട് കോണ്‍ഗ്രസ്സില്‍ ചേരാനുള്ള തന്റെ താത്പര്യം അറിയിച്ചിരുന്നു. നൂറോളം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച റോജയുടെ അഭാവം തെലുങ്കുദേശത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

സി.ജി. ചന്ദ്രമോഹന്‍



Pathravarthakal

News in this Section