Mathrubhumi

ഓംപ്രകാശിനെയും രാജേഷിനെയും നാളെ ഹാജരാക്കാന്‍ ഉത്തരവ്‌

Posted on: 09 Sep 2009


തിരുവനന്തപുരം: തിരുനെല്‍വേലി മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും സപ്തംബര്‍ 10ന് ഹാജരാക്കാന്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

തിരുനെല്‍വേലി കോടതിയില്‍ ഇവര്‍ കീഴടങ്ങിയ വിവരം വഞ്ചിയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന കോടതിയെ ചൊവ്വാഴ്ച അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി 'പ്രൊഡക്ഷന്‍ വാറണ്ട്' പുറപ്പെടുവിച്ചത്. ഇവരെ തിരുവനന്തപുരത്തെത്തിച്ചാലും റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി നേരത്തെതന്നെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. അതേസമയം ഗുണ്ടാത്തലവന്മാര്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കുന്നതിന് നിയമതടസ്സമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇരുവര്‍ക്കുമെതിരെ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. ഇവയില്‍ ഭൂരിഭാഗത്തിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രം നല്‍കാത്ത കേസുകളില്‍ ഇരുവരെയും അന്വേഷണത്തിനായി കസ്റ്റഡിയില്‍ പോലീസ് വാങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു കേസിലും കസ്റ്റഡി ആവശ്യപ്പെടാന്‍ പോലീസിന് സാധിക്കുകയില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

വിവിധ കോടതികളില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. ഇവയില്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചാലും വിചാരണദിവസം ഈ കോടതികളില്‍ ഹാജരാക്കിയ ശേഷം തിരികെ ജയിലില്‍തന്നെ കൊണ്ടുപോകണം.

പോള്‍ ജോര്‍ജ് വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇവരെ കിട്ടില്ലെന്ന കാര്യം പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. ഇവരുടെ പങ്ക് വെളിപ്പെടാതെ പ്രതികളാക്കില്ലെന്ന് അന്വേഷണസംഘം തീരുമാനിച്ചെന്നാണ് സൂചന.
Related News:
Related News in Print Edition:
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page