Mathrubhumi

പോള്‍വധം: എന്‍ഡവര്‍ കാറിലെ ബാഗില്‍ തുണികള്‍ മാത്രമെന്നു വരുത്താന്‍ നീക്കം

Posted on: 09 Sep 2009



കൊല്ലം:പോള്‍ എം.ജോര്‍ജ്ജിന്റെ വധത്തിനു ശേഷം ചവറയില്‍ കണ്ടെത്തിയ എന്‍ഡവര്‍ കാറില്‍ ഉണ്ടായിരുന്ന നാല് ബാഗുകളിലും തുണികള്‍ മാത്രമായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസിന്റെ കൊണ്ടുപിടിച്ച ശ്രമം. ഉന്നതരായ ചില പോലീസ് ഓഫീസര്‍മാരുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരത്തില്‍ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്ന് സൂചനയുണ്ട്.

എന്‍ഡവര്‍ കാറില്‍ ബാഗുകളേ ഉണ്ടായിരുന്നില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞിരുന്നത്. പിന്നീട് ഒരു ബാഗ് ഉണ്ടെന്നായി. ബാഗുകള്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ പുറത്തുപറഞ്ഞപ്പോള്‍ നാല് ബാഗുകള്‍ ഉണ്ടായിരുന്നുവെന്ന് മാറ്റിയതും പോലീസ് തന്നെ. ബാഗില്‍ പണമുണ്ടായിരുന്നുവെന്ന് ആദ്യദിവസം മുതല്‍ക്കേ നാട്ടുകാര്‍ പറഞ്ഞിരുന്നു. പ്രതിഭാഗം വക്കീലാണ് പോള്‍, സംഭവദിവസം ഏഴുലക്ഷം രൂപ ബാങ്കില്‍നിന്ന് പിന്‍വലിച്ച വിവരം പുറത്തുവിട്ടത്. ഈ പണം ഒരു ബാഗില്‍ പോളിന്റെയടുത്ത് കാറില്‍ ഉണ്ടായിരുന്നതായി നേരത്തേമുതല്‍ സൂചനയുണ്ടായിരുന്നു. ആ കാറില്‍ ത്തന്നെയാണ് ഓംപ്രകാശും പുത്തന്‍പാലം രാജേഷും രക്ഷപ്പെട്ട് ചവറയില്‍ എത്തിയത്.

ബാഗില്‍ പണമോ മറയ്ക്കപ്പെടേണ്ട എന്തെങ്കിലുമോ ഇല്ലായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ബാഗുകളെപ്പറ്റി പോലീസ് ആദ്യംമുതലേ ഒളിച്ചുകളി നടത്തിയെന്ന ചോദ്യം ഉയരുന്നു.

വസ്ത്രങ്ങള്‍ മാത്രമായിരുന്നു ബാഗിലെങ്കില്‍ എന്തിന് ബാഗുകള്‍ എടുക്കാന്‍ മൂന്ന് യുവാക്കള്‍ ധൃതിപ്പെട്ട് ചവറയിലെത്തിയെന്നതിന് പോലീസ്തന്നെ ഉത്തരം കണ്ടെത്തേണ്ടിവരും. കത്തിയുടെ കഥപോലെ എന്‍ഡവര്‍ കാറിലെ ബാഗിനെപ്പറ്റിയും പാലീസ് മെനയുന്ന കള്ളക്കഥ സംശയം ബലപ്പെടുത്തുകയാണ്.
Related News:
Pathravarthakal

News in this Section