Mathrubhumi

ഗുണ്ടകളുടെ കീഴടങ്ങല്‍ കള്ളക്കഥയ്ക്ക് സാക്ഷിമൊഴി ഒരുക്കാന്‍ -എം.ലിജു

Posted on: 09 Sep 2009



തിരുവനന്തപുരം: പോള്‍ എം. ജോര്‍ജ് വധം സംബന്ധിച്ച് പോലീസ് കെട്ടിച്ചമച്ച കള്ളക്കഥയ്ക്ക് സാക്ഷിമൊഴി ഒരുക്കാനാണ് ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും കീഴടങ്ങലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു പറഞ്ഞു.

ഈ ഗുണ്ടാനേതാക്കളെ സാക്ഷികളായി രക്ഷപ്പെടുത്താനാണ് ശ്രമമെന്നും ലിജു പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മിന്റെയും മന്ത്രിമാരുടെയും മാനസപുത്രന്മാരായ ഗുണ്ടകളുടെ പുറത്ത് ഒരുതരി മണ്ണ് വീഴാതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് തിരുനെല്‍വേലി നാടകം. കീഴടങ്ങലിന് തലേദിവസം തിരുനെല്‍വേലിയിലെത്തിയ കേരള പോലീസ് സംഘം പ്രതികളുമായി ഉഭയകക്ഷി ചര്‍ച്ചനടത്തി തിരിച്ചുവരികയായിരുന്നൂവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആഭ്യന്തര മന്ത്രി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് കീഴടങ്ങല്‍ നടന്നതെന്നും ലിജു ആരോപിച്ചു.

ചവറയില്‍ നിന്ന് ഗുണ്ടകള്‍ സഞ്ചരിച്ച വാഹനം വിട്ടുകൊടുത്ത് തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് സംഭവത്തിലെ ഉന്നത ബന്ധത്തിന് തെളിവാണ്. കോടതിയുടെ വിമര്‍ശനത്തിനിരയായ വിന്‍സെന്റ് എം.പോളിനെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ലിജു ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി രാജിവെയ്ക്കണം, പോള്‍ വധം അന്വേഷണം സി.ബി.ഐയെ ഏല്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സപ്തംബര്‍ 14ന് ജില്ലാ പോലീസ് ഓഫീസുകളിലേക്ക് പ്രകടനം നടത്തും. തുടര്‍ന്ന് കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ലിജു പറഞ്ഞു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരുടെയും വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം പുറത്തുവിടണന്നെും ഒളിവിലുള്ള ഗുണ്ടകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും ലിജു ആവശ്യപ്പെട്ടു.
Related News:
Pathravarthakal

News in this Section