Mathrubhumi

കീഴടങ്ങല്‍ തിരക്കഥ പ്രകാരം ആടിയ നാടകം

Posted on: 09 Sep 2009



തിരുവനന്തപുരം: ഒടുവില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷും കീഴടങ്ങി. നേരത്തെ തയ്യാറാക്കിയ തിരക്കഥയിലെ ശുഭപര്യവസാനം പോലെ ഒരു കീഴടങ്ങല്‍. സി.പി.എമ്മും പോലീസും ഈ തിരക്കഥയുടെ അണിയറയിലുണ്ടെന്ന് ശക്തമായ സൂചന നല്‍കുന്ന രീതിയിലാണ് പരിണാമഗുപ്തി.

കൊലപാതകം നടന്ന ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ വണ്ടി കേടായതിനെ തുടര്‍ന്ന് രണ്ടുപേരും 'കാക്കി' ബലത്തില്‍ രക്ഷപ്പെട്ടതുമുതല്‍ തന്നെ ഈ ബന്ധം മറനീക്കി പുറത്തുവന്നിരുന്നു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് ഗുണ്ടകളെ സംസ്ഥാനത്തിന്റെ അതിര്‍ത്തി കടത്തി വിട്ടതും കേരള പോലീസ് തന്നെയാണെങ്കില്‍, ഇപ്പോള്‍ 'കീഴടക്കി'യതും അവര്‍ തന്നെയാണ്.

ഓംപ്രകാശുമായി ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ ഈ ദിശയിലേക്ക് നീങ്ങിത്തുടങ്ങി. കീഴടങ്ങാന്‍ വഴിയൊരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ സി.പി.എമ്മിന്റെ ജില്ലയിലെ ചില നേതാക്കളുടെ കാര്‍മികത്വത്തില്‍ തന്നെയാണ് നടന്നത്. അതിന്റെ നടപ്പാക്കല്‍ചുമതല പോലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു. ഇരുവര്‍ക്കും ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ബന്ധുക്കളുമായുള്ള അടുപ്പമാണ് പോലീസിനെ വലച്ചത്. ദുബായിലും ഉത്തരേന്ത്യയിലും മറ്റുമാണെന്ന അഭ്യൂഹം പരക്കുമ്പോഴും ഇരുവരുമായി പോലീസിലെ ഈ സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ ഒളിത്താവളത്തിലിരുന്ന് രണ്ടുപേരും കൃത്യമായി അറിഞ്ഞിരുന്നുവെന്നും പോലീസിലെ ഒരുവിഭാഗം തന്നെ ചൂണ്ടിക്കാട്ടുന്നു.

നഗരത്തിലെ മണ്ണുകച്ചവടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പുത്തന്‍പാലം രാജേഷിന് അധികകാലം ഒളിവില്‍ കഴിയാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. രാജേഷ് നേരത്തെ ഒരു ഘട്ടത്തില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു. പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ പറ്റില്ലെന്ന് ഓംപ്രകാശ് പറഞ്ഞപ്പോഴാണ് അയല്‍സംസ്ഥാനത്ത് കോടതിയില്‍ കീഴടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നത്. ഗുണ്ടകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍നിന്ന് തല്‍ക്കാലത്തേക്കെങ്കിലും മാറ്റിനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ്, രാഹുല്‍ഗാന്ധി തിരുനെല്‍വേലിയില്‍ എത്തുന്ന ദിവസം തന്നെ കീഴടങ്ങല്‍ ആസൂത്രണം ചെയ്യുന്നതും മിനിട്ടുകള്‍ക്കുള്ളില്‍തന്നെ ജയിലിലാക്കുന്നതുമെന്ന് സംശയിക്കണം.

പാര്‍ട്ടി വിഭാഗീയതയിലും സജീവമായി 'ഒ.പി.'

സി.പി.എം. കേന്ദ്രങ്ങള്‍ ബഹുമാനത്തോടെയും ഭയത്തോടെയും നോക്കിക്കാണുന്ന ഒ.പി. എന്ന ഓംപ്രകാശിന് രാഷ്ട്രീയ സംരക്ഷണം നല്‍കിയിരുന്ന ജില്ലയിലെ നേതാക്കള്‍ തന്നെയാണ് കീഴടങ്ങലിന് പിറകിലും. ആഭ്യന്തര വകുപ്പിലെ വേണ്ടപ്പെട്ടവരുടെ പിന്തുണയും കൂടി ലഭിച്ചത് കാര്യങ്ങള്‍ ലളിതമാക്കി. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതും ഓംപ്രകാശിനെതിരെയുള്ള വാറണ്ട് വലിയതുറ സ്റ്റേഷനില്‍ കഴിഞ്ഞ രണ്ടുകൊല്ലമായിട്ടും എത്താത്തതും സി.പി.എമ്മിന്റെ രാഷ്ട്രീയ പിന്‍ബലത്തില്‍ കൂടിയാണ്. സ്വത്ത് കണ്ടുകെട്ടാനും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനും ഒരാഴ്ച മുമ്പുവരെ തയ്യാറാകാത്ത പോലീസ്, ഡി.വൈ.എഫ്.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ വഞ്ചിയൂര്‍ ഹരിപ്രസാദിന്റെയും ശുക്രന്‍ രഞ്ജിത്തിന്റെയും ഫോട്ടോയും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related News:
Pathravarthakal

News in this Section