Mathrubhumi

വംശീയാക്രമണം;ലണ്ടനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Posted on: 08 Sep 2009


ലണ്ടന്‍: ബ്രിട്ടനില്‍ പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ 67കാരനെ സ്‌കൂള്‍ കുട്ടികള്‍ മര്‍ദിച്ചു കൊന്നു. മൂന്നു വയസ്സുള്ള കൊച്ചുമകളുടെ മുന്നിലിട്ടായിരുന്നു ആക്രമണം. കൊല്‍ക്കത്തയില്‍നിന്നുള്ള ഇക്‌റം ഉള്‍ ഹഖിനു നേരെയുണ്ടായ ആക്രമണം വംശീയമാണെന്ന് പോലീസ് അറിയിച്ചു.

ഒരാഴ്ച മുന്‍പ് മൂന്ന് വയോധികര്‍ വംശീയ ആക്രമണത്തിനിരയായതിനു പിന്നാലെയാണ് വീണ്ടും ഇന്ത്യക്കാരന്‍ മര്‍ദനത്തിനിരയായത്.

റംസാന്‍ മാസത്തില്‍ പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഹഖിനെ ഇരുപതോളം വരുന്ന വിദ്യാര്‍ഥികള്‍ പിന്നില്‍ നിന്നാക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹഖിനെ ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ മരിയയ്ക്ക് മര്‍ദനമേറ്റിട്ടില്ല. റോഡരികിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ ആക്രമണരംഗങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പന്ത്രണ്ടും പതിന്നാലും പതിനഞ്ചും വയസ്സുള്ള മൂന്നു കുട്ടികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദക്ഷിണ ലണ്ടനില്‍ ബംഗ്ലാദേശുകാരും പശ്ചിമബംഗാള്‍കാരും തിങ്ങിപ്പാര്‍ക്കുന്ന ടൂട്ടിങ്ങിലാണ് കഴിഞ്ഞയാഴ്ച ദക്ഷിണേഷ്യക്കാര്‍ക്കു നേരെ വംശീയ ആക്രമണമുണ്ടായത്.

തിങ്കളാഴ്ച ആക്രമണത്തിനിരയായ ഹഖ് കൊല്‍ക്കത്തയില്‍നിന്ന് ജോലിക്കായി 37 വര്‍ഷങ്ങള്‍ക്കു മുന്‍പ് അയര്‍ലന്‍ഡിലെത്തിയതാണ്. അവിടെനിന്ന് 1980 ല്‍ അദ്ദേഹം ലണ്ടനിലെത്തി. തുണിക്കച്ചവടം ചെയ്ത ഹഖ് പിന്നീട് വികലാംഗര്‍ക്കുള്ള ആശ്രയകേന്ദ്രത്തില്‍ വാര്‍ഡനായി ജോലി ചെയ്തു.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page