Mathrubhumi

ചൈനയുടെ അതിര്‍ത്തിലംഘനത്തില്‍ ആശങ്ക വേണ്ടെന്ന് കൃഷ്ണ

Posted on: 08 Sep 2009


ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ചൈന അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ വ്യക്തമാക്കി. വിഷയം വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിലംഘനത്തില്‍ അസാധാരണമായൊന്നുമില്ലെന്ന് സേനാകേന്ദ്രങ്ങളും പറഞ്ഞു.

ചൈനയുടെ സൈന്യം ലഡാക്കില്‍ അതിര്‍ത്തിലംഘിച്ചു കടന്ന് ചില പാറക്കെട്ടുകളില്‍ ചുവന്നചായമടിച്ച് ചൈന എന്ന് എഴുതിയതായി അതിര്‍ത്തിരക്ഷാസേന കണ്ടെത്തിയിരുന്നു.

ചൈനയുമായുള്ള നമ്മുടെ അതിര്‍ത്തി തികച്ചും 'സമാധാനപൂര്‍ണ'മാണെന്ന് കൃഷ്‌ന പറഞ്ഞു. 3000 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഇന്ത്യക്കും ചൈനയ്ക്കുമായുള്ളത്. ഇത് സംരക്ഷിക്കാന്‍ വേണ്ട സംവിധാനമുണ്ട്. ഇത് ലംഘിക്കപ്പെടുന്നത് വേണ്ടവിധം കൈകാര്യം ചെയ്യും -അദ്ദേഹം വ്യക്തമാക്കി. ലഡാക്കിലെ അതിര്‍ത്തിലംഘനം ഗൗരവമായി കാണേണ്ടതില്ലെന്ന് ചൈനയിലെ ഇന്ത്യന്‍അംബാസഡര്‍ എസ്. ജയ്ശങ്കറും പറഞ്ഞു.

ചുമാര്‍ പ്രദേശത്ത് ജൂലായ് 31ന് ഇത്തരം അതിര്‍ത്തിലംഘനം നടന്നതായി സേനാകേന്ദ്രങ്ങള്‍ സമ്മതിച്ചു.ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിസേനയിലെ തലപ്പത്തുള്ളവരുടെ യോഗത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ആഗസ്തിലായിരുന്നു യോഗം. നിയന്ത്രണരേഖയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടാണ് ഇതിന് കാരണമെന്ന് സേനാകേന്ദ്രങ്ങള്‍ പറഞ്ഞു. നിയന്ത്രണരേഖയില്‍ രണ്ടുഭാഗത്തുനിന്നുള്ള സൈനികരും പട്രോളിങ് നടത്തി മടങ്ങുമ്പോള്‍ തങ്ങളുടെ 'അടയാള'മെന്തെങ്കിലും ഉപേക്ഷിച്ചാണ് പോകുന്നത്. ചിലപ്പോള്‍ സിഗരറ്റ് പായ്ക്കറ്റുകള്‍, പത്രങ്ങള്‍ തങ്ങളുടെ രാജ്യത്തുണ്ടാക്കിയ ഫ്യൂസ് എന്നിങ്ങനെ. ഇതേക്കുറിച്ച് ആശങ്കപ്പെടാനില്ല. ഇന്ത്യന്‍സേന ചൈനയുടെ ഇത്തരം അടയാളങ്ങള്‍ നീക്കാറാണ് പതിവ്.

അതേസമയം അന്താരാഷ്ട്ര അതിര്‍ത്തിയായി ഇന്ത്യ അംഗീകരിച്ചിട്ടുള്ള ചില ഭാഗങ്ങള്‍ ചൈന ഇനിയും അതിര്‍ത്തിയായി അംഗീകരിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page