
കേരളത്തിന് 116.9 കോടി നല്കാന്‍ ശുപാര്‍ശ
Posted on: 08 Sep 2009

ന്യൂഡല്‍ഹി: കേരളത്തിലെ കാലവര്‍ഷക്കെടുതിക്കുള്ള ദുരിതാശ്വാസമായി 116.9 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രസംഘം ശുപാര്‍ശചെയ്തു. കേരളത്തിലെ കാലവര്‍ഷക്കെടുതിയെക്കുറിച്ച് പഠിച്ച കേന്ദ്രസംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് സമര്‍പ്പിച്ചു. അപൂര്‍വമായി മാത്രമുണ്ടാകുന്ന രൂക്ഷമായ കെടുതിയെന്ന വിഭാഗത്തിലാണ് കേരളത്തിലെ കാലവര്‍ഷക്കെടുതിയെ കേന്ദ്രസംഘം പെടുത്തിയത്. ഇത്രയും തുക ശുപാര്‍ശ ചെയ്തതും ഇതുകൊണ്ടുതന്നെ.
2005 മുതല്‍ ഇതുവരെ കേരളത്തിന് പ്രകൃതിദുരന്ത ദുരിതാശ്വാസ ഇനത്തില്‍ ലഭിച്ച 120 കോടി രൂപയ്ക്കു പുറമെയാണ് പുതിയ ശുപാര്‍ശ.
കേന്ദ്രസര്‍ക്കാറിന്റെ മന്ത്രിതലസമിതിയാണ് ഇതുസംബന്ധിച്ച് അവസാന തീരുമാനമെടുക്കുക. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, കൃഷിമന്ത്രി ശരദ്പവാര്‍, ആഭ്യന്തരമന്ത്രി പി. ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് മന്ത്രിതലസമിതി.
കാലവര്‍ഷക്കെടുതിമൂലം നഷ്ടം നേരിടുന്നവര്‍ക്കായി കേരളം ചോദിച്ച 33 ലക്ഷം രൂപയും കേന്ദ്രസംഘം അനുവദിച്ചിട്ടുണ്ട്. റേഷന്‍ നല്കാന്‍ 350 ലക്ഷമാണ് കേരളം ചോദിച്ചത്. ഇതിനായി 330 ലക്ഷം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൃഷിനാശത്തിന് സംസ്ഥാനം ചോദിച്ച 1445.75 ലക്ഷത്തില്‍ 1273.28 ലക്ഷം അനുവദിച്ചു. മണ്ണൊലിപ്പിന് 35 ലക്ഷംരൂപ ശുപാര്‍ശചെയ്തിട്ടുണ്ട്. മരുന്ന്, കുടിവെള്ളം എന്നിവയ്ക്ക് 250 ലക്ഷം, മത്സ്യത്തൊഴിലാളികള്‍ക്ക് 213 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി 306.25 ലക്ഷമാണ് ചോദിച്ചിരുന്നത്. കേന്ദ്രസംഘം 218.75 ലക്ഷം അനുവദിച്ചു. മൃഗസംരക്ഷണം, മാറ്റിത്താമസിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് 325 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
റോഡുകള്‍ക്കും പാലങ്ങള്‍ക്കും 50 കോടി, നഗരറോഡുകള്‍ക്ക് 10 കോടി, ജലസേചനത്തിന് 10 കോടി, വൈദ്യുതിക്ക് 3 കോടി, പ്രൈമറി വിദ്യാഭ്യാസത്തിന് 22 ലക്ഷം, പ്രൈമറി ആരോഗ്യകേന്ദ്രങ്ങള്‍ക്ക് 21 ലക്ഷം എന്നിങ്ങനെയാണ് ദുരിതാശ്വാസം ശുപാര്‍ശ ചെയ്യപ്പെട്ടത്.
പല ചെലവുകളുടെയും കണക്കുകള്‍ സംഘത്തിന് ശരിയായി ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ഹെലികോപ്റ്ററിന്റെ ചെലവ് 5 ലക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ബില്ലുകള്‍ തന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ആസൂത്രണ കമ്മീഷന്‍ ഉപദേഷ്ടാവും ആഭ്യന്തരവകുപ്പ് ജോയന്റ് സെക്രട്ടറിയുമായ സദാകാന്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പഠനം നടത്തിയശേഷം ആഭ്യന്തര സെക്രട്ടറിക്ക് ആഗസ്ത് 28ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ റിപ്പോര്‍ട്ടില്‍ പ്രതിഫലിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടല്‍ സഹായകമായി. കേരളത്തില്‍ അസാധാരണമായുണ്ടായ മഴയുടെ ആധിക്യവും കേരളത്തിന്റെ കാര്‍ഷിക പ്രത്യേകതകളും റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നുണ്ട്. കേരളത്തില്‍ പഠനം നടത്തിവന്ന സംഘവുമായി മുല്ലപ്പള്ളി രാമചന്ദ്രനും ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു.
12-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരം വര്‍ഷത്തില്‍ 103 കോടി രൂപയുടെ കേന്ദ്ര സഹായം ലഭിക്കാനേ കേരളത്തിനര്‍ഹതയുള്ളൂ. ഇത് വര്‍ഷത്തില്‍ രണ്ടുതവണയായാണ് ലഭിക്കുക.
ഇത്തവണ കുറഞ്ഞദിവസത്തിനുള്ളില്‍ മുമ്പില്ലാത്തവിധം കനത്ത മഴയുണ്ടായെന്നാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ജൂലായ് 14 മുതല്‍ 19 വരെ 459.45 മില്ലീമീറ്റര്‍ മഴ പെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പതിവുള്ള മഴ 169.8 മില്ലീമീറ്റര്‍ മാത്രമാണ്.
എന്‍. അശോകന്‍







