Mathrubhumi

കോമണ്‍വെല്‍ത്ത് ഗെയിംസിന് പൂര്‍ണ സുരക്ഷ നല്കും -ചിദംബരം

Posted on: 08 Sep 2009



ന്യൂഡല്‍ഹി: 2010-ല്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് പൂര്‍ണ സംരക്ഷണം നല്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം വ്യക്തമാക്കി. ഗെയിംസില്‍ പങ്കെടുക്കാനുള്ള രാജ്യങ്ങള്‍ ഒന്നും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഒരുക്കുന്ന സുരക്ഷാസംവിധാനം പൂര്‍ണവും സമഗ്രവുമായിരിക്കും-ചിദംബരം വ്യക്തമാക്കി.

ഹൈദരാബാദില്‍ കഴിഞ്ഞമാസം നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ബ്രിട്ടീഷ്‌കളിക്കാര്‍ പിന്മാറിയതുപോലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സംഭവിക്കുമോ എന്നു ചോദിച്ചപ്പോഴാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടീഷ് കളിക്കാരുടെ പിന്മാറ്റം.

ജീവനു ഭീഷണി നേരിടുന്ന എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും സര്‍ക്കാര്‍ സുരക്ഷാസംവിധാനം ഒരുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ചില നേതാക്കള്‍ക്ക് നല്‍കിവരുന്ന എന്‍.എസ്.ജി. (ദേശീയ സുരക്ഷാസേന) സംരക്ഷണം പിന്‍വലിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
Pathravarthakal

News in this Section