Mathrubhumi

മലയാളിയുള്‍പ്പെടെ നാലുപേരെ കൊന്നത് വ്യാജ ഏറ്റുമുട്ടലില്‍

Posted on: 08 Sep 2009



ന്യൂഡല്‍ഹി: മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ളയും ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയുമുള്‍പ്പെടെ നാലുപേരെ 2004ല്‍ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്ന് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി പ്രഖ്യാപിച്ചു. നരേന്ദ്രമോഡിയുടെ ഗുജറാത്ത് സര്‍ക്കാറിന് വന്‍ തിരിച്ചടി നല്‍കുന്നതാണ് ഈ പ്രഖ്യാപനം. ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശി ഗോപിനാഥന്‍ പിള്ളയുടെ മകനാണ് പ്രാണേഷ്‌കുമാര്‍ പിള്ള.

മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് 2004 ജൂണ്‍ 15നാണ് അഹമ്മദാബാദ് പോലീസ് കോളേജ് വിദ്യാര്‍ഥിനിയായ ഇസ്രത്ത് ജഹാനെയും ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ്‌കുമാര്‍ പിള്ളയെയും അംജത്ത്, അലി, ജിസാന്‍ അബ്ദുള്‍ എന്നിവരെയും വെടിവെച്ചുകൊന്നത്. ഇവര്‍ നാലുപേരും ലഷ്‌കര്‍-ഇ-തൊയ്ബ അംഗങ്ങളാണെന്നും മോഡിയെ കൊല്ലാന്‍ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു പ്രചരിപ്പിച്ചത്.

എന്നാല്‍ അഹമ്മദാബാദ് പോലീസിന്റെ ക്രൈംബ്രാഞ്ച് പോലീസ് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഡി.ജി. വന്‍സാരയുടെ നേതൃത്വത്തില്‍ ഇവരെ വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്ന് കോടതി പറഞ്ഞു. മറ്റൊരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വന്‍സാര. 2004 നവംബര്‍ 26ന് സൊഹ്‌റാബുദ്ദീന്‍ ശൈഖ് എന്നയാളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കൊലപ്പെടുത്തിയതെന്ന് 2007 മാര്‍ച്ചില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. മോഡിയെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട ലഷ്‌കര്‍ ഭീകരനായതിനാലാണ് ഇയാളെ കൊന്നതെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്. തെളിവ് നശിപ്പിക്കാനായി ഇയാളുടെ ഭാര്യ കൗസര്‍ബിയെ പോലീസ് കൊന്നുകത്തിക്കുകയുണ്ടായി. അന്ന് ഡി.ഐ.ജി. ആയിരുന്ന ഡി.ജി. വന്‍സാരയാണ് ഈ സംഭവത്തിലെയും പ്രതി. 2007 ഏപ്രില്‍ 24ന് സസ്‌പെന്‍ഷനിലായ വന്‍സാര ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Pathravarthakal

News in this Section