LATEST NEWS
  Nov 14, 2013
നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (56) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍ ഒരുമണിവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വെള്ളിമാടുകുന്നിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.

നാളെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കോഴിക്കോട് പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. നൂറിലധികം സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതനാണ് ഈ കോഴിക്കോട്ടുകാരന്‍ . നാടകരംഗത്ത് നിന്നാണ് സിനിമയുടെ ബിഗ്‌സക്രീനിലേക്ക് അഗസ്റ്റിന്‍ എത്തുന്നത്. രഞ്ജിത്ത് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍ . ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. ഹാന്‍സിയാണ് ഭാര്യ. 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന സിനിമയിലൂടെ നായികയായി മലയാള സിനിമയിലെത്തിയ ആന്‍ ആഗസ്റ്റിനും ജീത്തുവുമാണ് മക്കള്‍ .

രഞ്ജിത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു. അഗസ്റ്റിന് മികച്ച വേഷങ്ങള്‍ ഏറെയും ലഭിച്ചത് രഞ്ജിത്തിന്റെ സിനിമകളിലായിരുന്നു. രഞ്ജിത്-മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റുകളായ ആറാം തമ്പുരാന്‍ , ദേവാസുരം, ഉസ്താദ്, രാവണപ്രഭു, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലെല്ലാം വ്യക്തിത്വമുള്ള വേഷങ്ങളില്‍ അഗസ്റ്റിനെ പ്രേക്ഷകമനസ്സുകള്‍ കണ്ടു. രാവണപ്രഭുവിലെ ഹൈദ്രോസ്, ബാപ്പു തങ്ങളങ്ങാടിയില്‍ നിന്നാണ് എന്ന് പരിചയപ്പെടുത്തുന്ന ആറാം തമ്പുരാനിലെ മോഹന്‍ലാലിനൊപ്പമുള്ള സന്തതസഹചാരിയായ കഥാപാത്രം, സമാനമായ ഉസ്താദിലെ മോഹന്‍ലാലിന്റെ ഡ്രൈവറായ ആലി ബാബു, വല്യേട്ടനിലെ ഗംഗാധരന്‍, ചന്ദ്രോത്സവത്തിലെ ജോസ്... ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍ . ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരികളില്‍ ഒരാള്‍ , കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ സിഗ്നല്‍മാന്‍ , ഊട്ടിപ്പട്ടണത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ ... ഹാസ്യവും ക്യാരക്ടര്‍ വേഷങ്ങളും ഒരു പോലെ വിജയിപ്പിച്ച ചരിത്രമാണ് അഗസ്റ്റിനുള്ളത്.

കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലും കഴിഞ്ഞ നാളുകള്‍ പിന്നിട്ട് അഗസ്റ്റിന്‍ വീണ്ടും സിനിമയില്‍ മടങ്ങിയെത്തി. കേരള കഫേയുടെ ഷൂട്ടിങ്ങിനിടയിലാണ് കരള്‍രോഗം തിരിച്ചറിയുന്നത്. 'അന്ന് രോഗം വന്നില്ലായിരുന്നെങ്കില്‍ കള്ളടിച്ച് കരളുപോയി ഞാന്‍ തീര്‍ന്നേനെ' എന്നായിരുന്നു അതിനെക്കുറിച്ച് അഗസ്റ്റിന്‍ പിന്നീട് പറഞ്ഞത്. എന്തിനേയും ശുഭാപ്തി വിശ്വാസത്തോടെയും നര്‍മബോധത്തോടെയും കാണുന്ന പ്രകൃതമായിരുന്നു.

എന്നും കോഴിക്കോടന്‍ കൂട്ടായ്മയിലും സൗഹൃദങ്ങളുമായിരുന്നു അഗസ്റ്റിന്റെ മനസ്സ്. ഞാനൊരു സിനിമാ നടനായി കാണാന്‍ ആഗ്രഹിച്ച് ഷര്‍ട്ടും പാന്റും വാങ്ങിത്തന്നവര്‍ , ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തവര്‍ എല്ലാം സുഹൃത്തുക്കളായിരുന്നു-അസുഖത്തിന് ശേഷം വീണ്ടും അഭിനയിക്കാനെത്തിയ വേളയില്‍ അഗസ്റ്റിന്‍ പറയുകയുണ്ടായി. ഒരിക്കല്‍ പക്ഷാഘാതം വന്ന് തളര്‍ന്നുപോയി, പിന്നീട് തിരികെ ജീവിതത്തിലേക്ക് നടന്നു കയറിയ അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു.


Latest news

- -