OBITUARY
  Oct 21, 2013
നോവലിസ്റ്റ് വല്ലച്ചിറ മാധവന്‍ അന്തരിച്ചു
തൃശ്ശൂര്‍ : പ്രമുഖ ജനപ്രിയ നോവലിസ്റ്റ് വല്ലച്ചിറ മാധവന്‍ (79) അന്തരിച്ചു. മുട്ടത്തുവര്‍ക്കി, കാനം ഇ.ജെ., മൊയ്തു പടിയത്ത് തുടങ്ങിയവരോടൊപ്പം ജനപ്രിയസാഹിത്യത്തില്‍ നിറഞ്ഞുനിന്ന എഴുത്തുകാരനായിരുന്നു മാധവന്‍. നോവലും ചെറുകഥകളുമായി 400ലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വല്ലച്ചിറയിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം.

വല്ലച്ചിറ ചാത്തക്കുടത്ത്‌വീട്ടില്‍ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ച മാധവന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ എഴുതിത്തുടങ്ങി. 14-ാം വയസ്സില്‍ ആദ്യകൃതി പ്രസിദ്ധീകരിച്ചു; 'എന്റെ ജീവിതത്തോണി' എന്ന കവിതാസമാഹാരം. അടുത്ത വര്‍ഷം 'ആത്മസഖി' എന്ന നോവലുമെഴുതി.

പത്താംതരംവരെ മാത്രം പഠിച്ച വല്ലച്ചിറയുടെ മുഖ്യതൊഴില്‍ എഴുത്തുതന്നെയായിരുന്നു. യുദ്ധഭൂമി, ക്രിസ്തുവിനെ തറച്ച കുരിശ്, പാനപാത്രത്തിലെ വീഞ്ഞ്, അച്ചാമ്മ, എന്റെ ജീവിതത്തോണി തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ കൃതികള്‍.
പ്രണയവും അതിന്റെ ദുരന്തവുമാണ് വല്ലച്ചിറയുടെ കൃതികള്‍ക്ക് കൂടുതലും വിഷയമായത്.

'എന്റെ യുദ്ധഭൂമി' ആയിരുന്നു ആദ്യത്തെ തുടര്‍ക്കഥ. വല്ലച്ചിറയുടെ നോവലിനുവേണ്ടി മാത്രം ചില വാരികകള്‍ പ്രസിദ്ധീകരിച്ചിരുന്ന അവസ്ഥയുണ്ടായിരുന്നു. ഒരേസമയം ഒരു ഡസന്‍ വാരികകള്‍ക്ക് അദ്ദേഹം തുടര്‍നോവലുകള്‍ എഴുതി.

അന്നത്തെ കാലത്ത് ലൈംഗികതയെ വല്ലച്ചിറയെപ്പോലെ അധികമാരും നോവലില്‍ അവതരിപ്പിച്ചിട്ടില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച നോവലായിരുന്നു 'അച്ചാമ്മ'. സ്‌കൂള്‍ ലൈബ്രറിക്കായി അംഗീകരിക്കപ്പെട്ട ഈ പുസ്തകം സര്‍ക്കാര്‍ കണ്ടുകെട്ടി. ഒരു കന്യാസ്ത്രീ വേശ്യയായി തെരുവില്‍ ജീവിക്കാനൊരുങ്ങുന്നതായിരുന്നു ഇതിന്റെ പ്രമേയം. ഒരുപക്ഷേ, കേരളസംസ്ഥാനം രൂപവത്കരിച്ചശേഷം ആദ്യം നിരോധിക്കപ്പെട്ട പുസ്തകമായിരിക്കും 'അച്ചാമ്മ'.ഭാര്യ: ഇന്ദിര. മക്കള്‍: ബാബുരാജ്, ഹേമന്ദ്കുമാര്‍, മധു, ഗീതാഞ്ജലി. മരുമക്കള്‍: വിജയ, അമ്പിളി, ഷീജ, ഉണ്ണികൃഷ്ണന്‍. ശവസംസ്‌കാരം വടൂക്കര ശ്മശാനത്തില്‍ നടന്നു.
Other News in this section
ക്ഷീരകര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു
ആനക്കാംപൊയില്‍ : ക്ഷീരകര്‍ഷകന്‍ വെള്ളമാവുങ്കല്‍ ഗോപാലകൃഷ്ണന്‍ (68) കുഴഞ്ഞുവീണ് മരിച്ചു. 2012ലെ ഉരുള്‍പൊട്ടലില്‍ ഇദ്ദേഹത്തിന് വീട് നഷ്ടപ്പെട്ടിരുന്നു. ഇതേസ്ഥലത്ത് പ്‌ളാസ്റ്റിക് ഷീറ്റുകൊണ്ട് കുടില്‍ കെട്ടിയാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ദുരന്തത്തിന് രണ്ടുവര്‍ഷത്തിന് ശേഷവും സര്‍ക്കാറിന്റെയോ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയോ യാതൊരുവിധ ..
യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആദിവാസി സ്ത്രീ വെട്ടേറ്റ് മരിച്ചു
വിദ്യാര്‍ഥിനി ബസ്സില്‍ കുഞ്ഞുവീണുമരിച്ചു
ഡല്‍ഹിയില്‍ മണിപ്പുരി യുവാവിനെ അടിച്ചുകൊന്നു
തീവണ്ടിയില്‍നിന്നുവീണ് ദമ്പതിമാര്‍ മരിച്ചു
വനംവകുപ്പ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു
വി.ടി.കുമാരന്‍ മാസ്റ്ററുടെ ഭാര്യ അന്തരിച്ചു

Latest news