LOCAL NEWS
  Sep 19, 2013
പോലീസിന് ഒരു വര്‍ഷമായി ആംബുലന്‍സില്ല
അജ്ഞാതനായ കാല്‍നടയാത്രികന്‍ മുതല്‍ വാഹന യാത്രക്കാര്‍ വരെ, ആരായാലും സഹായമഭ്യര്‍ഥിച്ച് ഒരു കോള്‍ വന്നാല്‍ വര്‍ഷങ്ങളായി ഓടിയെത്തിയിരുന്ന പോലീസിന്റെ ആംബുലന്‍സ് ഒരു വര്‍ഷത്തോളമായി നിരത്തിലില്ല. ഗുരുതരമായ അറ്റകുറ്റപ്പണി വന്നത് കാരണം കട്ടപ്പുറത്ത് കയറ്റിയ ഈ രക്ഷാവണ്ടിയെ വേഗം തിരിച്ചിറക്കാനോ പകരം മറ്റൊന്ന് വെച്ച് സര്‍വീസ് നടത്താനോ അധികൃതരാരും ഇതുവരെ രംഗത്തിറങ്ങിയിട്ടില്ല.

പോലീസിന് സ്വന്തമായി ആംബുലന്‍സ് ഇല്ലെങ്കിലെന്താ, ഏയ്ഞ്ചല്‍ ആംബുലന്‍സിന്റെയും മറ്റ് സ്വകാര്യ വാഹനങ്ങളുടെയും സേവനം ഉപയോഗിച്ചാല്‍ പോരേ, എന്നാണ് ചില ഉയര്‍ന്ന പോലീസുദ്യോഗസ്ഥരുടെതന്നെ ചോദ്യം. എന്നാല്‍, റോഡിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്ന കണ്‍ട്രോള്‍ റൂമിലുള്ള പോലീസുകാര്‍ക്കറിയാം ചോരയൊലിച്ച് റോഡില്‍ കിടക്കുന്ന ഒരാളെ ആസ്പത്രിയിലെത്തിക്കാനുള്ള പെടാപ്പാട്.

കോഴിക്കോട്ടെ മുഴുവന്‍ പോലീസിനും ഉപയോഗിക്കാന്‍ എട്ടുവര്‍ഷം മുമ്പ് നടപ്പാക്കിയ ഒരേ ഒരു വണ്ടിയാണ് ഇപ്പോള്‍ കട്ടപ്പുറത്തായത്. പോലീസിന്റെ ഔദ്യോഗികവണ്ടികള്‍ക്ക് അറ്റകുറ്റപ്പണി വന്നാല്‍ കൈക്കൊള്ളുന്ന പരമ്പരാഗത രീതിതന്നെയാണ് ഈ അവശ്യസര്‍വീസിന്റെ കാര്യത്തിലും കൈക്കൊള്ളുന്നത്.

പോലീസ് ആംബുലന്‍സിന്റെ ഗിയര്‍ ബോക്‌സിനാണ് അറ്റകുറ്റപ്പണി നടത്താനുള്ളത്. വാഹനം ഗതാഗത യോഗ്യമല്ലാതായതോടെ വിവരം കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ചു. തുടര്‍ന്ന് ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ചുമതലക്കാരനായ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ക്ക് വാഹനം കൈമാറി. വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് മെക്കാനിക്കല്‍ വിഭാഗത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. വാഹനം അറ്റകുറ്റപ്പണി നടത്താന്‍ ഇരുപത്തിരണ്ടായിരം രൂപയോളം ചെലവ് വരുമെന്ന് കണക്കാക്കുകയും ചെയ്തു. എങ്കിലും വാഹനം അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ ഇനിയും പൊതുമരാമത്ത് വകുപ്പില്‍ നിന്നും പോലീസ് ആസ്ഥാന ഓഫീസില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന് മൂന്നുമാസത്തിലധികം സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

2005 ഒക്ടോബര്‍ രണ്ടിന് അന്നത്തെ എം.എല്‍.എ.യായിരുന്ന എ. സുജനപാലാണ് ആംബുലന്‍സ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ ഉത്തരമേഖലാ ഐ.ജി.യായ എം.എന്‍. കൃഷ്ണമൂര്‍ത്തിയും കമ്മീഷണര്‍ എച്ച്. വെങ്കിടേഷും താത്പര്യമെടുത്താണ് ആംബുലന്‍സ് ഇവിടെ പ്രാവര്‍ത്തികമാക്കിയത്. പോലീസ് ജീപ്പില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തവരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. പോലീസ് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍മാര്‍തന്നെയാണ് ഈ വാഹനം ഓടിച്ചിരുന്നത്.
Other News in this section
അധ്യാപകന്റെ കാല് ചവിട്ടി ഒടിച്ചവര്‍ അറസ്റ്റില്‍
കായംകുളം: കാറിന് സൈഡ് നല്കിയില്ലെന്നാരോപിച്ച് അധ്യാപകന്റെ കാല് ചവിട്ടിയൊടിച്ച സംഭവത്തില് രണ്ടുപേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവം നാരായണവിലാസത്തില് ബിജുകുമാര് (43), ചിറക്കടവം ബംഗ്ലാവില് ബിജു (39) എന്നിവരാണ് അറസ്റ്റിലായത്. കൃഷ്ണപുരം മുക്കട ഗവണ്മെന്റ് എല്.പി. സ്‌കൂളിലെ അറബിക് അധ്യാപകന് കൊറ്റുകുളങ്ങര മഠത്തില് മുഹമ്മദ് കുഞ്ഞി (50)ന്റെ കാലാണ് ചവിട്ടിയൊടിച്ചത്. ..

Latest news