LOCAL NEWS
  Sep 19, 2013
ബസ് അപകടത്തില്‍പെട്ട് 9 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്
റാന്നി: ശബരിമല തീര്‍ത്ഥാടകരുമായി ചെങ്ങന്നൂരില്‍ നിന്ന് പമ്പയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസ് പെരുനാട് പൂവത്തുംമൂടിനടുത്ത് നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് താഴ്ചയിലേക്ക് ചാടി ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. എട്ട് തീര്‍ത്ഥാടകര്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. ബസ്സിന്റെ മുന്‍പിന്‍ ചക്രങ്ങള്‍ തോടിന്റെ ഇരുകരകളിലായാണ് നിന്നത്. മുന്‍ചക്രം കഷ്ടിച്ച് മറുകരയില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. റബര്‍മരത്തിലിടിച്ചാണ് ബസ് നിന്നത്.

ഡ്രൈവര്‍ ചെങ്ങന്നൂര്‍ മുണ്ടങ്കാവ് കരിവേല്‍പറമ്പില്‍ സോമരാജന്‍ (53), തമിഴ്‌നാട് വിഴപ്പുറം ചിന്നസേലം സ്വദേശികളായ രാജ (42), മരുതുപാണ്ഡ്യന്‍ (21), സുബ്രഹ്മണ്യന്‍ (60),കണ്ണന്‍(70), സുബ്രഹ്മണ്യന്‍(54), ഗജപതി (24), മുത്ത് (31), കല്ലക്കുറിച്ചി സ്വദേശി രാമചന്ദ്രന്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവവേശിപ്പിച്ചു. രാജ, മരുതുപാണ്ഡ്യന്‍ എന്നിവരൊഴികെയുള്ളവരെ പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. അഖിലഭാരത അയ്യപ്പസേവാസംഘം വിഴിപ്പുറം യൂണിറ്റില്‍ നിന്നെത്തിയവരായിരുന്നു പരിക്കേറ്റവരില്‍ ആറുപേര്‍.

ബുധനാഴ്ച രാവിലെ 7.30ഓടെ മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയില്‍ പൂവത്തുംമൂടിനും എരുവാറ്റുപുഴയ്ക്കുമിടയിലായിരുന്നു അപകടം.
അപകടത്തിന് തൊട്ടുമുമ്പ് ബസ്സിനടിയില്‍ നിന്ന് ശബ്ദം കേട്ടതായി ഡ്രൈവറും യാത്രക്കാരും പറഞ്ഞു. നിയന്ത്രണംവിട്ട ബസ് കലുങ്കിലിടിച്ചശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ്സിന്റെ മുന്‍ഭാഗം പത്തടിയോളം താഴ്ചയുളള തോടിന്റെ മറുകരയിലും പിന്‍ഭാഗം റോഡിലുമായിരുന്നു. പിന്‍ഭാഗത്തെ ഒരു ടയര്‍ കുഴിയിലേക്കിറങ്ങി നിലംതൊടാതെ നിന്നു. മുന്‍പിന്‍ ചക്രങ്ങളിലേതെങ്കിലും ഒന്ന് അല്‍പ്പമെങ്കിലും മാറിയിരുന്നെങ്കില്‍ ബസ് താഴ്ചയിലേക്ക് മറിയുമായിരുന്നു.

പരിക്കേറ്റവരെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പെരുനാട് ആസ്പത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്തംഗം എസ്. ഹരിദാസ്, പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രസാദ് എന്നിവര്‍ സ്ഥലത്തെത്തി. മറ്റ് തീര്‍ത്ഥാടകരെ പത്തനംതിട്ടയില്‍ നിന്ന് എത്തിയ ബസ്സില്‍ പമ്പയിലേക്കയച്ചു. 52 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

ചെങ്ങന്നൂരില്‍ നിന്ന് പുലര്‍ച്ചെ 5.45ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറുടെ ധൈര്യമാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബസ്സിലുണ്ടായിരുന്ന അയ്യപ്പസേവാസംഘം വിഴിപ്പുറം ജില്ലാ പ്രസിഡന്റ് ആണ്ടിമുതലിയാര്‍ പറഞ്ഞു.
Other News in this section
കൊച്ചി മെട്രോ സമയത്ത് തന്നെ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: നിശ്ചയിച്ച സമയത്തുതന്നെ െകാച്ചിയിലൂടെ മെട്രോ ഓടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെട്രോ നിര്‍മാണത്തിനായി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് മെട്രോയുടെ ശേഷിക്കുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) ഓഫീസില്‍ മെട്രോയുടെ അവലോകന യോഗത്തിനു ..
സന്തോഷ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി
കേരളം പകുതി കണ്ടുതീര്‍ത്ത ഒളിമ്പ്യന് കണ്ണൂരില്‍ സ്വീകരണം
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി 'ഇന്‍സ്പയര്‍'
ഗോത്രവര്‍ഗ കുട്ടികള്‍ക്കായി പ്രത്യേക പാഠ്യപദ്ധതി ഒരുങ്ങുന്നു
കോഴിഇറച്ചി വില കുറച്ചുവിറ്റു; വ്യാപാരികള്‍ തമ്മില്‍ സംഘട്ടനം
മയിലാട്ടി ഡീസല്‍ നിലയം: 26 ജീവനക്കാരെ തിരിച്ചെടുത്തു; സത്യാഗ്രഹസമരം നിര്‍ത്തി

Latest news