LATEST NEWS » INDIA
  Sep 19, 2013
മുസാഫര്‍നഗര്‍: കലാപത്തില്‍ പങ്കില്ല - അസംഖാന്‍
ന്യൂഡല്‍ഹി: മുസാഫര്‍നഗര്‍ കലാപം നിയന്ത്രിക്കാനുള്ള നടപടി വൈകിയതിന് കാരണം രാഷ്ട്രീയ സമ്മര്‍ദമാണെന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ചാനലിന് നല്‍കിയ വെളിപ്പെടുത്തല്‍ യു.പി.യില്‍ വിവാദമാകുന്നു. കലാപത്തിനുപിന്നില്‍ താനാണെന്ന ആരോപണം മന്ത്രി അസംഖാന്‍ തള്ളി. ചാനല്‍ദൃശ്യങ്ങള്‍ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഖാന്‍ പറഞ്ഞു.

കലാപത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏത് കഠിനശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്ന് ബുധനാഴ്ച അസംഖാന്‍ വ്യക്തമാക്കി. ചാനല്‍ ദൃശ്യങ്ങള്‍ ഭാവനമാത്രമാണ്. പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ചാനല്‍ റിപ്പോര്‍ട്ടര്‍ തന്റെ പേര് പറയിപ്പിക്കുകയായിരുന്നുവെന്ന് ഖാന്‍ ആരോപിച്ചു.

''ഒളിക്യാമറയിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വെളിപ്പെടുത്തിയ ചാനല്‍തന്നെ ഇതും അന്വേഷിക്കണം. വീട്ടിലേതും ഓഫീസിലേതും ഉള്‍പ്പെടെ എന്റെ എല്ലാ ഫോണ്‍ വിളികളും ഇവര്‍ക്ക് പരിശോധിക്കാം. ഇതിനുശേഷം ഞാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ചാനലിന് ശിക്ഷവിധിക്കാം.'' - അസംഖാന്‍ പറഞ്ഞു.

ഒളിക്യാമറാ പ്രവര്‍ത്തനത്തിലൂടെ ചാനല്‍ ശേഖരിച്ച വിവരങ്ങളുടെ വിശ്വാസ്യതയെയും മന്ത്രി ചോദ്യംചെയ്തു. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും അങ്ങനെ ചെയ്യുന്നതിലും ഭേദം മരണമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അസംഖാന്‍ പറഞ്ഞു.

വാര്‍ത്ത പുറത്തുവിട്ട ചാനല്‍ ഭരണം പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷത്തിന്റെ സ്വാധീനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. മുസാഫര്‍നഗര്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെയും സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെയും സ്ഥലംമാറ്റത്തിന് പിന്നില്‍ താനാണെന്ന ആരോപണം ഖാന്‍ നിഷേധിച്ചു.

ബുധാന ഫുഗാന പോലീസ് സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരാണ് ചാനലിനോട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ഇവരെ ചൊവ്വാഴ്ച രാത്രി സ്ഥലംമാറ്റി. എന്നാല്‍, സാധാരണഗതിയിലുള്ള സ്ഥലംമാറ്റം മാത്രമാണിതെന്നാണ് പോലീസ് ഭാഷ്യം.

അതിനിടെ, പ്രസംഗങ്ങളിലൂടെ കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് ബി.എസ്.പി. എം.പി. ഖാദിര്‍ റാണ, ബി.ജെ.പി. എം.എല്‍.എ.മാരായ സംഗീത് സോം, ഭാരതേന്ദു സിങ്, ബി.എസ്.പി. എം.എല്‍.എ.മാരായ നൂര്‍ സലീം, മൗലാന ജമീല്‍, കോണ്‍ഗ്രസ് നേതാവ് സയീദ് ഉസ്മാന്‍, ബി.കെ.യു. മേധാവി നരേഷ് ടികായത് എന്നിവരുള്‍പ്പെടെ 16 രാഷ്ട്രീയക്കാര്‍, മുതിര്‍ന്ന സാമുദായിക നേതാക്കള്‍ എന്നിവര്‍ക്കെതിരെ മുസാഫര്‍നഗറിലെ പ്രാദേശിക കോടതി ബുധനാഴ്ച അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയുണ്ടായേക്കും.

കലാപത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്നും താന്‍ അറസ്റ്റുവരിക്കാന്‍ തയാറാണെന്നും അറിയിച്ച് ബി.ജെ.പി. എം.എല്‍.എ. സംഗീത് സോം രംഗത്തെത്തി. കലാപവുമായി ബന്ധപ്പെട്ട് സംഗീത് സോമിനെതിരെ അറസ്റ്റ് വാറന്‍റുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


Latest news