LATEST NEWS » INDIA
  Sep 19, 2013
ഛത്തീസ്ഗഢില്‍ ഖനിയില്‍ മാവോവാദി ആക്രമണം
റായ്പുര്‍:മാവോവാദി ആക്രമണത്തെത്തുടര്‍ന്ന് ഛത്തീസ്ഗഢിലെ ധാതുഖനന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ദന്തേവാദ ജില്ലയില്‍ ദേശീയ ധാതുവികസന കോര്‍പ്പറേഷ (എന്‍.എം.ഡി.സി)ന്റെ ആകാശ് നഗര്‍ സമുച്ചയത്തിലുള്ള ബൈലാഡില ഇരുമ്പയിര് ഖനിക്ക് ബുധനാഴ്ച പുലര്‍ച്ചെ മാവോവാദികള്‍ തീയിടുകയായിരുന്നു.

രാത്രി 2.30-ഓടെ സായുധരായ 30 മാവോവാദികള്‍ ഖനിയിലേക്ക് കടന്നുകയറി കണ്‍വെയര്‍ ബെല്‍റ്റിന് തീയിട്ടെന്ന് പോലീസ് പറഞ്ഞു. സി.ഐ.എസ്.എഫും അഗ്‌നിശമന സേനയും ചേര്‍ന്ന് നാലുമണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ കെടുത്തിയത്. കണ്‍വെയര്‍ ബെല്‍റ്റിന്റെ നൂറുമീറ്ററോളം കത്തിനശിച്ചു.

മൂന്നുനാലു ദിവസത്തിനുള്ളില്‍ ഇവിടെ ഖനനം പുനരാരംഭിക്കുമെന്ന് സ്ഥലത്തെത്തിയ എന്‍.എം.ഡി.സി.യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇതേ ജില്ലയില്‍ ഇതേരീതിയില്‍ എന്‍.എം.ഡി.സി.യുടെ ബാച്ചെലി സമുച്ചയത്തിലെ കണ്‍വെയര്‍ ബെല്‍റ്റും മാവോവാദികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Latest news