LATEST NEWS » INDIA
  Sep 19, 2013
കേന്ദ്രസര്‍ക്കാര്‍ ചെലവ് ചുരുക്കുന്നു
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ പദ്ധതിയേതര ചെലവുകള്‍ പത്തുശതമാനം വെട്ടിക്കുറയ്ക്കാനും ദുര്‍വ്യയം ഒഴിവാക്കാനും തീരുമാനം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രാലയം ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വകുപ്പുകളില്‍ തത്കാലത്തേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സെമിനാറുകള്‍, വിരുന്നുകള്‍ തുടങ്ങിയവയ്ക്കും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വിലക്കുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (ഏറ്റവും മുതിര്‍ന്ന ഏതാനും പേരൊഴികെയുള്ളവര്‍) വിമാനയാത്ര നടത്തുമ്പോള്‍ അത് സാധാരണ ക്ലാസില്‍ മാത്രമേ പാടുള്ളൂ. ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

പദ്ധതിയേതര ചെലവുകള്‍ പത്തുശതമാനം കുറയ്ക്കാനുള്ള തീരുമാനം ശമ്പളം, പെന്‍ഷന്‍, പലിശ നല്‍കല്‍, വായ്പ തിരിച്ചടവ്, പ്രതിരോധം എന്നീ മേഖലകളില്‍ നടപ്പാക്കില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ഈ നടപടികള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രാലയം വിശദീകരിച്ചു.

Latest news