LATEST NEWS » WORLD
  Sep 19, 2013
നാവികകേന്ദ്രത്തിലെ വെടിവെപ്പ് സുരക്ഷാവീഴ്ചയെച്ചൊല്ലി വിവാദം
* കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ മുംബൈ സ്വദേശി

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണില്‍ നാവികസേനാകേന്ദ്രത്തിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. വെടിവെപ്പ് നടത്തിയ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ ആരോണ്‍ അലക്‌സിസിന് നാവികകേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം.

സ്വഭാവദൂഷ്യത്തിന് രണ്ടുവര്‍ഷം മുന്‍പ് നാവികസേനയില്‍ നിന്ന് പിരിച്ചുവിട്ട അലക്‌സിസിക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സെനറ്റ് അഗങ്ങളടക്കം രംഗത്തെത്തി. അതീവ സുരക്ഷാ മേഖലയില്‍ ഉണ്ടായ വെടിവെപ്പിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വാഷിങ്ടണിലെ നാവികസേനാകേന്ദ്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ 12 പേരാണ് മരിച്ചത്. കൂട്ടക്കൊല നടത്തിയ ആരോണ്‍ അലക്‌സിസിനെ സേന വെടിവെച്ചുകൊന്നു. മുംബൈ സ്വദേശിയായ വിഷ്ണു പണ്ഡിറ്റും കൊല്ലപ്പെട്ടവരില്‍പ്പെടും. മറൈന്‍ എന്‍ജിനീയറും നാവിക വാസ്തുശില്പ വിദഗ്ധനുമായ വിഷ്ണു നാല്പത് വര്‍ഷത്തോളമായി അമേരിക്കയിലാണ്.

രണ്ടുവര്‍ഷം മുമ്പ് നാവികസേനയില്‍ നിന്ന് പുറത്താക്കിയ അലക്‌സിസ് കഴിഞ്ഞ സപ്തംബറില്‍ ആണ് കരാര്‍ സ്ഥാപനത്തിന്റെ തൊഴിലാളി ആയി നാവിക സേനാകേന്ദത്തില്‍ മടങ്ങിയെത്തിയത്. അഞ്ചുവര്‍ഷം മുന്‍പുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് അലക്‌സിസ് നാവിക സേനാകേന്ദ്രത്തിനുള്ളില്‍ കയറിയതെന്നാണ് പ്രാഥമിക വിവരം. മൂന്ന്തവണ വെടിവെപ്പ് കേസില്‍ അറസ്റ്റിലായിട്ടുള്ളയാളാണ് അലക്‌സിസ്. ഒരുകേസിലും ഇതുവരെ വിചാരണപോലും നേരിടേണ്ടിവന്നിട്ടില്ല.

സുരക്ഷാ പരിശോധനാ സമയത്ത് അലക്‌സിസിയുടെ പൂര്‍വകാലം പരിശോധിക്കാത്തത് ദുരൂഹമാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റ് അംഗങ്ങളായ ക്ലെയര്‍ മക്കസ്‌കില്ലും ജോണ്‍ ടെസ്റ്ററും ആരോപിച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പേഴ്‌സണല്‍ മാനേജ്‌മെന്‍റ് കാര്യാലയത്തിലെ ഇന്‍സ്‌പെക്ടര്‍ ജനറലിന് കത്തയയ്ക്കുമെന്ന്അവര്‍ പറഞ്ഞു.

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങളിലെ സുരക്ഷകാര്യങ്ങള്‍ പുനഃപരിശോധിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ വ്യക്തമാക്കി. സൈനിക കരാറുകാരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചുമുള്ള പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് വൈറ്റ് ഹൗസും അറിയിച്ചു.

Latest news