LATEST NEWS » WORLD
  Sep 19, 2013
മലാലയ്ക്ക് 'മനസ്സാക്ഷിയുടെ അംബാസഡര്‍' പുരസ്‌കാരം
ലണ്ടന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ പാകിസ്താനില്‍ താലിബാന്‍ ആക്രമണത്തിനിരയായ മലാല യൂസഫ്‌സായിക്ക് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ പുരസ്‌കാരം.

ചൊവ്വാഴ്ച ഡബ്ലിനില്‍ നടന്ന ചടങ്ങിലാണ് ആംനെസ്റ്റി നല്‍കുന്ന 'മനസ്സാക്ഷിയുടെ അംബാസഡര്‍' പുരസ്‌കാരം മലാല സ്വീകരിച്ചത്. അയര്‍ലന്‍ഡ് റോക്ക് താരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബോണോയാണ് പുരസ്‌കാരം നല്‍കിയത്. അമേരിക്കന്‍ ഗായകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹാരി ബേലഫോണ്‍ഡെയും പുരസ്‌കാരത്തിന് അര്‍ഹനായി.

അറിവും വിദ്യാഭ്യാസവും എന്ന ശക്തമായ ആയുധങ്ങള്‍കൊണ്ട് യുദ്ധത്തിനും ഭീകരതയ്ക്കും ബാലവേലയ്ക്കും അസമത്വത്തിനുമെതിരെ പോരാടണമെന്ന് പുരസ്‌കാരം സ്വീകരിച്ച് മലാല ആഹ്വാനംചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് സ്‌കൂള്‍വിട്ട് മടങ്ങുംവഴി മലാലയ്ക്ക് വെടിയേല്‍ക്കുന്നത്. ബ്രിട്ടനിലെ ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ച മലാല മാര്‍ച്ചിലാണ് ബര്‍മിങ്ഹാമിലെ സ്‌കൂളില്‍ ചേര്‍ന്ന് പഠനം പുനരാരംഭിച്ചത്.

Latest news