TOP STORIES TODAY
  Sep 19, 2013
പ്രൗഢസൗന്ദര്യത്തികവില്‍ സ്‌നേഹസ്മാരകം തുറന്നു

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ ഹുമയൂണ്‍ ടൂമ്പില്‍ ചെന്നാല്‍ ഇനി പഴയ കാഴ്ചയല്ല. പൗരാണിക സൗന്ദര്യം മുഴുവന്‍ ജ്വലിപ്പിച്ച് ഈ സ്‌നേഹസ്മാരകം അണിഞ്ഞൊരുങ്ങി നില്ക്കുന്നു. പുതുമോടിയിലുള്ള സ്മാരകസമുച്ചയം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ആഗാഖാന്‍ സാംസ്‌കാരിക ട്രസ്റ്റും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സംയുക്തമായി ദേശീയ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പുതുക്കിപ്പണിതതാണ് ഹുമയൂണ്‍ കുടീരം.

പേര്‍ഷ്യന്‍ നിര്‍മാണചാതുര്യത്തിന്റെ കണ്ണാടി കൂടിയാണ് നിസാമുദ്ദീനടുത്തുള്ള ഈ സ്മാരകം. ഹുമയൂണിന്റെ ആദ്യഭാര്യ ബേഗ ബാനുബീഗം അദ്ദേഹത്തിന്റെ കാലശേഷം ഓര്‍മയ്ക്കായി നിര്‍മിച്ചതാണ് ഈ കൂടീരം. 1562 ല്‍ നിര്‍മാണം തുടങ്ങിയ ഹുമയൂണ്‍ കുടീരം 1571 ല്‍ മുഗള്‍ രാജവംശത്തിന് സമര്‍പ്പിച്ചു. ഷാജഹാന്‍ ചക്രവര്‍ത്തിക്ക് ഭാര്യ മുംതാസിനോടുള്ള പ്രണയസമര്‍പ്പണമാണ് താജ്മഹലെങ്കില്‍ ഭര്‍ത്താവിനോട് ഭാര്യയ്ക്കുള്ള സ്‌നേഹത്തിന്റെ സ്മാരകമായി ചരിത്രത്തില്‍ ഹുമയൂണ്‍ കുടീരം എഴുതിച്ചേര്‍ക്കപ്പെട്ടു.

20-ാം നൂറ്റാണ്ടിന്റെ അവസാനം സ്മാരകത്തിന്റെ ചില ഭാഗങ്ങളില്‍ നാശനഷ്ടം സംഭവിച്ചത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. സ്മാരകത്തിന് ചുറ്റുമുള്ള പൂന്തോട്ടം നശിക്കാന്‍ തുടങ്ങിയിരുന്നു. ശിലാപാളികള്‍ ഇളകിത്തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി വര്‍ഷമായ 1997 ല്‍ പ്രഖ്യാപിക്കപ്പെട്ടതാണ് ഹുമയൂണ്‍ കുടീരത്തിന്റെ നവീകരണം. പൂന്തോട്ട നവീകരണം 2004 ല്‍ പൂര്‍ത്തിയായി. ഹസ്രത്ത് നിസാമൂദ്ദീന്‍ ബസ്തി, സുന്ദര്‍ നഴ്‌സറി, ഹുമയൂണ്‍ ടൂമ്പ് കോംപ്ലക്‌സ് എന്നിവയും നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ടാറ്റയുടെ സഹായത്തോടെ ആഗാ ഖാന്‍ ട്രസ്റ്റ് പദ്ധതിയേറ്റെടുത്തു. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആദ്യം രൂപരേഖ തയ്യാറാക്കി. ത്രീഡി ലേസര്‍ സ്‌കാനിങ് ടെക്‌നോളജി അടക്കമുള്ള നൂതനവിദ്യകള്‍ ഇതിനായി ഉപയോഗപ്പെടുത്തി. ശില്പകല, പ്ലാസ്റ്റര്‍, ശിലാജോലികള്‍, ടൈല്‍ എന്നിവയില്‍ പ്രാഗത്ഭ്യമുള്ള പരമ്പരാഗത തൊഴിലാളികളെ നവീകരണജോലിക്കായി നിയോഗിച്ചു. അന്താരാഷ്ട്രവിദഗ്ധരുടെ സംഘം നിര്‍മാണത്തിന് നിരന്തരം മേല്‍നോട്ടം വഹിച്ചു.

ടൂമ്പിന്റെ മേല്‍ക്കൂരയിലെ വെള്ളച്ചോര്‍ച്ചയായിരുന്നു പ്രധാനപ്പെട്ട വെല്ലുവിളി. ഇരട്ടകുടീരത്തിന്റെയും മേല്‍ക്കൂരയുടെയും സംയോജിത ഭാഗങ്ങളില്‍ വെള്ള മാര്‍ബിളും മറ്റും ചേര്‍ത്ത് ചോര്‍ച്ചയടച്ചു. ചുവപ്പും വെളുപ്പും ഇടകലര്‍ന്ന ഉപരിതലങ്ങള്‍ സ്മാരകത്തെ കൂടുതല്‍ മനോഹരമാക്കി. മിനാരങ്ങളില്‍ നിറവൈവിധ്യങ്ങള്‍ നക്ഷത്രത്തിളക്കം നല്കുന്നു. ദൂരക്കാഴ്ചയില്‍തന്നെ ഏതൊരു സന്ദര്‍ശകനെയും സ്മാരകം മാടിവിളിക്കുന്നതാണ് ഹുമയൂണ്‍ സ്മാരകത്തിന്റെ നവീകരണം. 42 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തിന്റെ ചുവരുകളും നവീകരിച്ചു. കമാനത്തിന്റെ മാതൃകയിലുള്ള കവാടങ്ങളാണ് പൂന്തോട്ടത്തിന്റെ സവിശേഷത.

നാരങ്ങാമിശ്രിതം, മുട്ടയുടെ വെള്ളത്തോട്, ഫ്രൂട്ട് പള്‍പ്പ്, മാര്‍ബിള്‍ പൊടി എന്നിവയുടെ മിശ്രിതം ചേര്‍ത്ത് പ്രകൃതിദത്തമായ രീതിയിലായിരുന്നു നവീകരണം. ഏത് കാലാവസ്ഥയിലും സ്മാരകശിലകളെ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ഈ മിശ്രിതം. ദാരാ ശിഖോയടക്കം മുഗള്‍ വംശത്തിലെ 160 കുടുംബാംഗങ്ങളെ സംസ്‌കരിച്ചിട്ടുള്ള 68 സ്മാരകകൂടീരങ്ങളും പ്രത്യേകം അലങ്കരിച്ചു. നിള ഗുംബാദ്, ഇസ ഖാന്‍ ഗാര്‍ഡന്‍ ടൂമ്പ്, ബു ഹലിമാസ് ഗാര്‍ഡന്‍ ടൂമ്പ്, അറബ് സെരായ് ഗേറ്റ് വേ, ഹസ്രത്ത് നിസാമുദ്ദീന്‍ ബവോളി, ചൗസത്ത് ഖംബ തുടങ്ങീ അനുബന്ധ സ്മാരകങ്ങളും നവീകരിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നവീകരണ പ്രവര്‍ത്തനമാണ് ഹുമയൂണ്‍ ടൂമ്പിലേതെന്നാണ് അവകാശവാദം. രണ്ട് ലക്ഷം മനുഷ്യാധ്വാന ദിനങ്ങള്‍ക്കൊടുവില്‍ യജ്ഞം പൂര്‍ത്തീകരിക്കപ്പെട്ടു. ഒരു സന്നദ്ധ സംഘടനയുടെ പൂര്‍ണമായ മേല്‍നോട്ടത്തില്‍ ഏറ്റെടുത്ത യജ്ഞമെന്നതാണ് മറ്റൊരു പ്രത്യേകത. ഉസ്‌ബെക്കിസ്താനിലെ ശില്പികളും ഹുമയൂണ്‍ സ്മാരക നവീകരണത്തില്‍ പങ്കാളികളായി. സ്മാരകത്തിലെത്തുന്ന ഏതൊരു സന്ദര്‍ശകനും എളുപ്പത്തില്‍ ചുറ്റിസഞ്ചരിക്കാവുന്ന തരത്തില്‍ സജ്ജമാക്കിയതാണ് ഇവിടുത്തെ ക്രമീകരണങ്ങള്‍.

Other News in this section
ദേശാടനത്തിന് പുനര്‍ജന്മം നല്‍കുമ്പോള്‍
ഒരുകൂട്ടം ഐബിസ് പക്ഷികളെ ദേശാടനം പുനരഭ്യസിപ്പിക്കുകയാണ് വിയന്നയിലെ ജൊഹന്നസ് ഫ്രിറ്റ്‌സ് എന്ന ഗവേഷകനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 'വാള്‍ഡ്രാപ്പ്' സംഘവും പക്ഷികളുടെ ദേശാടനത്തിന് പുനര്‍ജന്മം നല്‍കുന്ന ജൊഹന്നസ് ഫ്രിറ്റ്‌സ്. Photo Credit: WALDRAPP TEAM, Vienna പക്ഷിക്ക് ആകര്‍ഷകമായ വര്‍ണ്ണങ്ങള്‍ ഇല്ല. കഷണ്ടിത്തല. നീണ്ട കൂര്‍ത്ത കൊക്ക്. കാറ്റില്‍ ആടുന്ന ഈര്‍ക്കില്‍ പോലുള്ള മുടി. ..

Latest news

- -