LATEST NEWS » INDIA
  Sep 19, 2013
നന്ദന്‍ നിലേകനി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് സഹസ്ഥാപകനും ആധാര്‍ പദ്ധതിയുടെ ഉപജ്ഞാതാവുമായ നന്ദന്‍ നിലേകനി കോണ്‍ഗ്രസ് ടിക്കറ്റില്‍ ബാംഗ്ലൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. നിലേകനി മത്സരിക്കുന്നത് സംബന്ധിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വമാണ് സൂചന നല്‍കിയത്.

സബ്‌സിഡികള്‍ ബാങ്ക് വഴി നല്‍കുന്നതിന് ആധാര്‍ കാര്‍ഡ് ഉപോഗിക്കുന്നതുള്‍പ്പടെയുള്ള യു.പി.എ. സര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് നിലേകനി. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ ബാംഗ്ലൂര്‍ സൗത്തില്‍ നിലേകനിയെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് കര്‍ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ നിലേകനി വിസമ്മതിച്ചു.

നിലവില്‍ ബി.ജെ.പി. നേതാവ് എച്ച്.എന്‍. അനന്ത് കുമാറാണ് ബാംഗ്ലൂര്‍ സൗത്തിലെ എം.പി. നിലവിലെ ബി.ജെ.പി. കോട്ട തകര്‍ക്കുകയെന്ന ഉദ്ദേശ്യവും കോണ്‍ഗ്രസ്സിനുണ്ട്. തുടര്‍ച്ചയായി അഞ്ചുതവണ സൗത്തില്‍ നിന്ന് വിജയിച്ചയാളാണ് അനന്ത്കുമാര്‍. 2009-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കൃഷ്ണ ബൈരഗൗഡയെ 37,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തോല്‍പ്പിച്ചത്. അതേസമയം, ഐ.ടി പ്രൊഫഷണലുകള്‍ ഏറെയുള്ള ബാംഗ്ലൂര്‍ സൗത്ത് നന്ദന്‍ നിലേകനി സ്ഥാനാര്‍ഥിയാവുന്നത് പാര്‍ട്ടിക്ക് ഗുണകരമാവുമെന്നും ബി.ജെ.പി.യുടെ പ്രമുഖ നേതാവിനെ പരാജയപ്പെടുത്താനാവുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. നന്ദന്‍ നിലേകനിയുടെ വീടുള്ള കോറമംഗല മേഖല ബാംഗ്ലൂര്‍ സൗത്ത് മണ്ഡലത്തിലാണ്. അനന്ത്കുമാറിനെപ്പോലെ വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാളെ തോല്‍പ്പിക്കുകയെന്നത് രാഷ്ട്രീയപരമായി സാഹസികമായ ഒരു കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. വിജയിക്കുകയാണെങ്കില്‍ നിലേകനിക്ക് ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കി.

എന്‍. നാരായണമൂര്‍ത്തിയുടെ നേതൃത്തില്‍ 1981-ല്‍ ഇന്‍ഫോസിസ് സ്ഥാപിതമായപ്പോള്‍ സഹസ്ഥാപകനായിരുന്ന നിലേകനി 2002 മുതല്‍ 2007വരെ ഇന്‍ഫോസിസ് സഹ ചെയര്‍മാന്‍ കൂടിയായിരുന്നു. പിന്നീട് യു.പി.എ. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2009-ല്‍ ഏകീകൃത തിരിച്ചറിയല്‍ പദ്ധതിയുടെ അമരത്തെത്തി. ഈ കാലയളവില്‍ തന്റെ പേരിലുള്ള എല്ലാപണവും അദ്ദേഹം നിലേകനി ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയിരുന്നു.

യു.പി.എ. സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ നടപ്പാക്കിയതാണ് രാജ്യത്തെ പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ രേഖയ്ക്കായുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ്. രാഹുല്‍ഗാന്ധിയുടെ താത്പര്യപ്രകാരമാണ് സവിശേഷ തിരിച്ചറിയല്‍കാര്‍ഡ് പദ്ധതിയുടെ ചെയര്‍മാനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിലേകനിയെ നിയോഗിച്ചത്. പിന്നീട് സോണിയാഗാന്ധിയുടെ താത്പര്യപ്രകാരമുള്ള പദ്ധതിയായ സബ്‌സിഡി നേരിട്ടു പണമായി നല്‍കുന്ന പദ്ധതി ഏല്‍പ്പിച്ചതും നിലേകനിയെയായിരുന്നു. ഇങ്ങനെ നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനായതും നിലേകനിയെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചതായി അറിയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യതയും കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല. നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലമറിയുന്നതോടെ നിലേകനി ഏത് രീതിയില്‍ രാഷ്ട്രീയരംഗപ്രവേശം നടത്തുമെന്ന് വ്യക്തമാവും.

Latest news