LATEST NEWS » INDIA
  Sep 19, 2013
സാമ്പാറില്‍ വീണ് പൊള്ളലേറ്റ ഏഴ് വയസ്സുകാരി മരിച്ചു
ബാംഗ്ലൂര്‍: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിക്കൊണ്ടിരുന്ന സാമ്പാറില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കര്‍ണാടകയിലെ ചിക്ക്‌ബെല്ലാപുര്‍ ജില്ലയിലെ ദാരിനായകനപാളയ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ അനുഷയാണ് ബുധനാഴ്ച ഉച്ചയോടെ വിക്ടോറിയ ആസ്പത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

ഉച്ചഭക്ഷണത്തിനായി ക്യൂവില്‍ നിന്ന അനുഷ മറ്റ് കുട്ടികളുടെ തിക്കിലും തിരക്കിലുംപെട്ട് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിക്കൊണ്ടിരുന്ന സാമ്പാറിലേക്ക് വീഴുകയായിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ ചിക്ക് ബെലാപുരിലെ ഗൗരിബദനൂര്‍ ആസ്പത്രിയിലും തുടര്‍ന്ന് ബാംഗ്ലൂരിലെ വിക്ടോറിയ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ മാഞ്ചനഹള്ളി പോലീസ് കേസെടുത്തു. അധ്യാപകരുടെ അഭാവത്തിലാണ് കുട്ടികള്‍ ഭക്ഷണത്തിനായി ക്യൂ നില്‍ക്കാറെന്നും പോലീസ് പറഞ്ഞു.

പരിസരവാസികളും മറ്റ് കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന്ആരോപിച്ചിരുന്നു. സംഭവസമയത്ത് സ്‌കൂള്‍ പ്രധാനാധ്യാപകനായ കൃഷ്ണപ്പയും മറ്റ് അധ്യാപകരും ഉച്ചഭക്ഷണം നല്‍കുന്ന തിരക്കിലായിരുന്നു. തൊഴിലാളികളായ അശ്വന്തപ്പയുടെയും വെങ്കടപ്പയുടെയും മകളാണ് അനുഷ. സംഭവത്തെത്തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളിലൊരാള്‍ക്ക് ജോലിയും വീടുവെക്കാനുള്ള സ്ഥലവും നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

Latest news