LATEST NEWS » INDIA
  Sep 19, 2013
ബി.ജെ.പി.യിലേക്ക് മടങ്ങാനാരുങ്ങി യെദ്യൂരപ്പ; പ്രത്യേക ദൂതന്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള ശ്രമം ഊര്‍ജിതമാക്കി.

ഇതിനുള്ള സാധ്യതകള്‍ തേടി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി ചര്‍ച്ചനടത്താന്‍ യെദ്യൂരപ്പ പ്രത്യേക ദൂതനെ ഡല്‍ഹിയിലേക്കയച്ചു. തന്റെ അടുത്ത അനുയായിയും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ലെഹര്‍സിങ്ങിനെയാണ് യെദ്യൂരപ്പ നിയോഗിച്ചത്. തന്റെ നേതൃത്വത്തിലുള്ള കര്‍ണാടക ജനതാ പാര്‍ട്ടി (കെ.ജെ.പി.) യെ ബി.ജെ.പി.യില്‍ ലയിപ്പിക്കുകയാണ് യെദ്യൂരപ്പയുടെ ലക്ഷ്യം.

അഴിമതിക്കേസില്‍ ലോകായുക്ത പരാമര്‍ശത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച യെദ്യൂരപ്പ 2012 ഡിസംബറിലാണ് ബി.ജെ.പി. വിട്ടത്. ഇപ്പോള്‍ ബി.ജെ.പി. നരേന്ദ്രമോഡിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് യെദ്യൂരപ്പ മടങ്ങിവരാനുള്ള ശ്രമം തുടങ്ങിയത്. മോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആശംസകള്‍ അറിയിച്ച് യെദ്യൂരപ്പ മോഡിക്ക് കത്തയച്ചിരുന്നു.

ഡല്‍ഹിയില്‍ ധാരണയായാല്‍ മോഡിയെ പ്രകീര്‍ത്തിച്ചും ബി.ജെ.പി.യില്‍ ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചും കെ.ജെ.പി. പ്രമേയം പാസാക്കിയേക്കും. ധാരണയായില്ലെങ്കില്‍ ബി.ജെ.പി.യിലേക്ക് മടങ്ങേണ്ടതില്ലെന്നാണ് യെദ്യൂരപ്പയുടെ തീരുമാനം.

ഈ വര്‍ഷം ആദ്യം നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും കെ.ജെ.പി.യും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേത്തുടര്‍ന്നാണ് ഇരു പാര്‍ട്ടികളും യോജിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയത്. ലോകായുക്ത പരാമര്‍ശത്തെത്തുടര്‍ന്ന് യെദ്യൂരപ്പ അധികാരത്തില്‍ തുടരുന്നതിനെ പ്രധാനമായും എതിര്‍ത്ത നേതാവാണ് അദ്വാനി. കര്‍ണാടകത്തില്‍നിന്നുള്ള അനന്ത്കുമാറാണ് യെദ്യൂരപ്പയെ എതിര്‍ത്ത മറ്റൊരു നേതാവ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനന്ത്കുമാര്‍ എതിര്‍പ്പില്‍ അയവ് വരുത്തിയേക്കുമെന്നാണ് സൂചന.

ബാംഗ്ലൂര്‍ സൗത്ത് സീറ്റില്‍ വിജയിക്കണമെങ്കില്‍ യെദ്യൂരപ്പയുടെ പിന്തുണ അനന്ത്കുമാറിന് അത്യാവശ്യമാണ്. ഈ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നന്ദന്‍ നിലേക്കനി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. അദ്വാനിയും അനന്ത് കുമാറും എതിര്‍പ്പ് തുടരുകയാണെങ്കില്‍ കെ.ജെ.പി.യെ എന്‍.ഡി.എ.യുടെ ഭാഗമാക്കാനും ആലോചിക്കുന്നുണ്ട്.

Latest news