LATEST NEWS » INDIA
  Sep 19, 2013
കല്‍ക്കരി ഇടപാട് ഫയലുകള്‍ കാണാതായത് സി.ബി.ഐ. അന്വേഷിക്കും
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ കാണാതായതിനെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വരുന്നു. കല്‍ക്കരി മന്ത്രാലയത്തില്‍നിന്ന് അപ്രത്യക്ഷമായ ഫയലുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്ന പട്ടിക ബുധനാഴ്ച സി.ബി.ഐ.ക്ക് ലഭിച്ചു.

സി.ബി.ഐ. ആവശ്യപ്പെട്ട ഫയലുകളെല്ലാം കല്‍ക്കരി മന്ത്രാലയം നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നല്‍കിയെന്ന് മന്ത്രാലയം അവകാശപ്പെട്ട പല ഫയലുകളും ലഭ്യമായിട്ടില്ലെന്നും സി.ബി.ഐ.യുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

'എ.എം.ആര്‍. അയണ്‍ ആന്‍ഡ് സ്റ്റീലി'ന് കല്‍ക്കരിപ്പാടം അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്ത് കോണ്‍ഗ്രസ് എം.പി. വിജയ് ദര്‍ദ അയച്ച കത്തടക്കമുള്ളവ ലഭിച്ചിട്ടില്ല. ടാറ്റാ സ്റ്റീല്‍, ജാര്‍ഖണ്ഡ് ഇസ്പാദ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് പാടങ്ങള്‍ നല്‍കിയതിന്റെ തീരുമാനങ്ങള്‍, 26-ാമത് സ്‌ക്രീനിങ് കമ്മിറ്റിയുടെ മിനുട്ട്‌സ് തുടങ്ങിയവയും സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു.

ഫയലുകള്‍ ലഭിക്കാത്ത സംഭവങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അതത് മന്ത്രാലയങ്ങള്‍ പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 200-ഓളം ഫയലുകള്‍ കാണാതായെന്ന് മന്ത്രാലയം കണക്കാക്കിയിട്ടുണ്ട്. പലതും നശിപ്പിക്കപ്പെട്ടതായും സംശയമുണ്ട്.

Latest news