LATEST NEWS » KERALA
  Sep 19, 2013
ടി.പി. വധം: വിധിക്കെതിരെ അപ്പീല്‍ നല്‍കും -തിരുവഞ്ചൂര്‍
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സി.കെ.ശ്രീധരന്‍, അഡ്വ. പി.കുമാരന്‍കുട്ടി എന്നിവരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കയായിരുന്നു മന്ത്രി.
അപ്പീല്‍ നല്‍കുന്നതിന് നിശ്ചിത സമയപരിധിയുണ്ട്. ഈ കാലയളവിനുള്ളില്‍ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 108 പേജുള്ള വിധിപ്പകര്‍പ്പ് പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്.

പ്രതികളെ വെറുതെവിട്ട വിധി വന്നതിനെ തുടര്‍ന്ന് പലഭാഗങ്ങളില്‍നിന്നും പ്രോസിക്യൂഷനും പോലീസിനും എതിരെ ആരോപണങ്ങള്‍ വരുന്നുണ്ട്. എന്നാല്‍, ഇരുകൂട്ടരിലും തനിക്ക് ശക്തമായ വിശ്വാസമുണ്ടെന്ന് മന്ത്രി പറഞ്ഞു.

കണ്ണൂരിലും വടകരയിലുമായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 60 രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ എത്രകേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം പ്രോസിക്യൂഷന്റെയും പോലീസിന്റെയും പിടിപ്പുകേടുകൊണ്ടാണോ. ടി.പി. കേസിലെ ഉന്നത ഗൂഢാലോചനയെക്കുറിച്ച് തെളിവ് കൈവശമുള്ളവര്‍ക്ക് ഇനിയും നല്‍കാന്‍ അവസരമുണ്ട് -തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ്ഹൗസില്‍വെച്ച് ചര്‍ച്ചനടത്താനാണ് ആഭ്യന്തരമന്ത്രി നേരത്തേ തീരുമാനിച്ചിരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷ്‌കുമാര്‍ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെത്തിയിരുന്നു. വിവരം ചോര്‍ന്നറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും എത്തിയതോടെ വേദി മാറ്റുകയായിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാരെ മലപ്പുറം കൊണ്ടോട്ടിയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്ക് വിളിപ്പിച്ചായിരുന്നുചര്‍ച്ച. പോലീസ് അകമ്പടിയില്ലാതെയെത്തിയ മന്ത്രി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി.

Latest news