LATEST NEWS » KERALA
  Sep 19, 2013
പാലിയേക്കരയില്‍ ഉയര്‍ന്ന ടോള്‍ പിരിക്കുന്നത് ഉപേക്ഷിച്ചു
പാലിയേക്കര (തൃശ്ശൂര്‍): മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയില്‍ ഉയര്‍ത്തിയ ടോള്‍ നിരക്ക് പിരിക്കാനുള്ള കമ്പനിയുടെ നീക്കം മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ചു.

മുഖ്യമന്ത്രി, പി.സി. ചാക്കോ എം.പി, പി.എ. മാധവന്‍ എം.എല്‍.എ എന്നിരുടെ ഇടപെടലിനെ തുടര്‍ന്നാണ് പുതുക്കിയ നിരക്ക് ഈടാക്കാനുള്ള നീക്കത്തില്‍നിന്ന് കമ്പനി പിന്‍മാറിയത്.

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് പിരിക്കാനുള്ള നടപടികള്‍ കമ്പനി പൂര്‍ത്തിയാക്കിരുന്നു.

പുതിയ രസീതുകള്‍ ടോള്‍ ബൂത്തുകളില്‍ എത്തിക്കുകയും കമ്പ്യൂട്ടറും ബില്ലിങ് സംവിധാനവും സജ്ജീകരിക്കുകയും ചെയ്തു. അന്യസംസ്ഥാന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതുക്കിയ നിരക്ക് പിരിക്കുന്നത് സംബന്ധിച്ച നിര്‍ദേശവും നല്‍കിയിരുന്നു.

കമ്പനിയുടെ രഹസ്യനീക്കം പുറത്താവുകയുംചാനലുകളില്‍ വാര്‍ത്ത വരികയും ചെയ്തതോടെ ഭരണതലത്തിലും സമ്മര്‍ദ്ദമേറി. തുടര്‍ന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പുതിയ നിരക്ക് പിരിക്കാനുള്ള നീക്കം തടയുകയായിരുന്നു.

നിലവിലെ കരാര്‍ പ്രകാരം മറ്റ് അനുവാദങ്ങള്‍ കൂടാതെ തന്നെ കമ്പനിക്ക് ടോള്‍ നിരക്ക് ഉയര്‍ത്താം. എന്നാല്‍ ജനപ്രതിനിധികള്‍ ഉറച്ചുനിന്നതോടെ കമ്പനി താത്കാലികമായങ്കിലും പിന്‍മാറുകയായിരുന്നു.

നിലവില്‍ ദേശീയപാതയുടെ നിര്‍മാണത്തില്‍ അപാകങ്ങള്‍ ഏറെയുണ്ടെന്നും അവ പരിഹരിച്ചശേഷം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്നും പി.സി. ചാക്കോ എം.പി ടോള്‍പ്ലസ അധികൃതരോട് ആവശ്യപ്പെട്ടു. എം.പിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നുവത്രെ.

Latest news