LATEST NEWS » KERALA
  Sep 19, 2013
കെ.കെ. ലതിക എം.എല്‍.എ.യെ പന്ത്രണ്ടംഗ സംഘം റോഡില്‍ തടഞ്ഞു
നാദാപുരം:കുറ്റിയാടി എം.എല്‍.എ. കെ.കെ. ലതിക സഞ്ചരിച്ച വാഹനം ചൊവ്വാഴ്ച രാത്രി ചെക്യാട് വില്ലേജ് ഓഫീസിനടുത്ത് പന്ത്രണ്ടംഗ സംഘം നടുറോഡില്‍ തടഞ്ഞു. ഡ്രൈവര്‍ കെ. മോഹനന് നേരേ കൈയേറ്റ ശ്രമവുമുണ്ടായി. സംഭവത്തോടനുബന്ധിച്ച് അക്രമിസംഘത്തിന്റെ ജീപ്പും രണ്ട് ബൈക്കും വളയം പോലീസ് കസ്റ്റഡിയിലെടുത്തു.

എം. കോരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു എം.എല്‍.എ.യും സംഘവും. രാത്രി എട്ടുമണിയോടെ ചെക്യാട് പുളിയാവിനടുത്തെ കുനിയില്‍പ്പീടിക മുക്കിനടുത്ത് എം.എല്‍.എ.യുടെ ഭര്‍ത്താവും സി.പി.എം. നേതാവുമായ പി. മോഹനനന്റെ വീട്ടിനടുത്തുവെച്ചാണ് വാഹനങ്ങള്‍ റോഡിലിട്ട് എം.എല്‍.എ.യെ തടഞ്ഞത്. ജീപ്പും മൂന്ന് ബൈക്കും റോഡില്‍ കുറുകെയിട്ട നിലയിലായിരുന്നു. ഇവ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ക്ക് നേരേ കൈയേറ്റ ശ്രമമുണ്ടായത്. തുടര്‍ന്ന് ഡ്രൈവറോട് കാറിലിരിക്കാന്‍ ആവിശ്യപ്പെട്ട് എം.എല്‍.എ. കാറില്‍ നിന്നിറങ്ങി.

വാഹനം മാറ്റാന്‍ ആവശ്യപ്പെട്ട എം.എല്‍.എ.യോടും സംഘാംഗങ്ങള്‍ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ലതികയും സംഘവും തമ്മില്‍ ഏറെ സമയം വാക്കേറ്റമുണ്ടായി. ഇതിനിടെ സംഘത്തിലുണ്ടായിരുന്നവരില്‍ ചിലര്‍ റോഡില്‍ നിന്ന് വാഹനം മാറ്റി അവര്‍ക്ക് പോകാനുള്ള സാഹചര്യമുണ്ടാക്കി. എം.എല്‍.എ.യൊടൊപ്പം കാറില്‍ അഡീഷണല്‍ പി.എ. പി.പി.രഷാന്ത്, മിഥുന്‍ ലിയാസ് എന്നിവരുമുണ്ടായിരുന്നു.

എം.എല്‍.എ.യുടെ ഡ്രൈവര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വളയം എസ്.ഐ. കെ.പി. ഖാലിദിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

Latest news