LATEST NEWS » KERALA
  Sep 19, 2013
വാഹന പരിശോധനയ്ക്കിടെ 500 കിലോ അമോണിയം നൈട്രേറ്റ് പിടികൂടി
മൂവാറ്റുപുഴ: മയക്കുമരുന്നു റെയിഡിനിറങ്ങിയ എക്‌സൈസ് സംഘം മാരകശേഷിയുള്ള അഞ്ച് ക്വിന്‍റല്‍ അമോണിയം നൈട്രേറ്റ് പിടികൂടി. ബുധനാഴ്ച ആറോടെ മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ് റോഡില്‍നിന്നാണ് നിര്‍ത്താതെപോയ വണ്ടിയെ പിന്തുടര്‍ന്ന് എക്‌സൈസ് സംഘം ജീപ്പ് വട്ടംവച്ച് സ്‌ഫോടകവസ്തു പിടിച്ചത്. കെഎല്‍ 13 എം-5666 ജീപ്പും വണ്ടിയിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണും കണ്ടെടുത്തു. എന്നാല്‍, ജീപ്പ്‌ഡ്രൈവര്‍ റോഡരികിലെ വയലിലൂടെ കടന്നുകളഞ്ഞു. ഏറെനേരം നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയിട്ടും ആളെ പിടികൂടാനായില്ല.

എംസി റോഡില്‍ സിഗ്‌നല്‍ ജങ്ഷനുസമീപം വാഹനപരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. സ്പിരിറ്റുമായിവരുന്ന വാഹനമാണെന്ന്കരുതി ഉദ്യോഗസ്ഥര്‍ കൈകാണിച്ചെങ്കിലും ജീപ്പ് നിര്‍ത്തിയില്ല. തുടര്‍ന്ന് എക്‌സൈസ് സംഘം മറ്റൊരു ജീപ്പില്‍ പിന്തുടര്‍ന്ന് ഇഇസി മാര്‍ക്കറ്റ്‌റോഡിലെത്തിയപ്പോഴേക്കും ജീപ്പിനെ മറികടന്നു പിടികൂടുകയായിരുന്നു.

സ്‌ഫോടകശേഖരംസഹിതം ജീപ്പ് എക്‌സൈസ് ഓഫീസിലെത്തിച്ചു. ഇത് അന്വേഷണത്തിനായി പോലീസിന് കൈമാറുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരായ റോയി ജയിംസ്, സി.ഇ. ഉസ്മാന്‍, റോയി എം. ജേക്കബ്, പ്രിവന്‍റീവ് ഓഫീസര്‍ എന്‍.എ. ഉമ്മര്‍ഖാന്‍, കെ.എം. യൂസഫ്, സുരേന്ദ്രന്‍, കബീര്‍, ജോണി അഗസ്റ്റിന്‍, അസീസ്, റോബി എന്നിവരാണ് എക്‌സൈസ്‌സംഘത്തിലുണ്ടായിരുന്നത്.

Latest news