LATEST NEWS » INDIA
  Sep 19, 2013
പണിശാലയില്‍ നിന്നും മോഷ്ടിച്ച ഒരുകിലോ സ്വര്‍ണം വീണ്ടെടുത്തു
മംഗലാപുരം:പണിശാലയില്‍ അതിക്രമിച്ചുകയറി സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെട്ട അഞ്ചംഗസംഘത്തിലെ ഒരാള്‍ പിടിയിലായി. കൊള്ളയടിച്ചതില്‍ ഒരുകിലോ സ്വര്‍ണം പോലീസ് വീണ്ടെടുത്തു. മുനിയാല്‍ സ്വദേശി മധുക്കര്‍ ആചാരിയാണ് പോലീസിന്റെ പിടിയിലായത്.

കാര്‍ക്കളയില്‍ കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. മഹാലക്ഷ്മി ഗോള്‍ഡിന്റെ പണിശാല അടയ്ക്കുന്നതിനിടയില്‍ അപരിചിതരായ അഞ്ചുപേര്‍ കാറില്‍ വന്നിറങ്ങി കടയില്‍ പ്രവേശിച്ചു. ദിനേഷ് നല്കിയ ഓര്‍ഡര്‍ പ്രകാരമുള്ള ആഭരണങ്ങള്‍ തയ്യാറായോ എന്ന ചോദ്യവുമായാണ് അപരിചിതര്‍ കട അടയ്ക്കുകയായിരുന്ന രാമചന്ദ്ര ആനന്ദ മാണെയെ സമീപിച്ചത്. ദിനേഷ് എന്ന ആളുടെ ഓര്‍ഡറിനെക്കുറിച്ച് അറിവില്ലാതെ പകച്ചുനിന്ന രാമചന്ദ്ര ആനന്ദയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആഭരണങ്ങളും 40,000 രൂപയും കവര്‍ന്ന അഞ്ചംഗസംഘം ഉടന്‍ കാറില്‍ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ പോലീസ് ആവശ്യമായ ജാഗ്രതാനിര്‍ദേശം മറ്റു സ്റ്റേഷനുകള്‍ക്ക് നല്കി. ഏറെ വൈകാതെ കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ ഹിരിയഡുക്കയില്‍ പോലീസ് തടഞ്ഞു. വടിവാളുമായി പോലീസിനെ നേരിട്ട സംഘത്തിലെ നാലുപേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Latest news