LATEST NEWS » KERALA
  Sep 19, 2013
മധുരയ്ക്കടുത്ത് കാറപടകം: 3 മലയാളികള്‍ മരിച്ചു


മധുര/പോത്തന്‍കോട്: തീര്‍ഥാടനത്തിനായി രാമേശ്വരത്തേക്ക് പോകുകയായിരുന്ന ഏഴംഗസംഘം സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മധുര തിരുമംഗലത്തിന് സമീപമാണ് അപകടം. പോത്തന്‍കോട്, അയിരൂപ്പാറ മൈലാടുംമുകള്‍ ഭക്തിവിലാസത്തില്‍ അരുണ്‍ എന്ന സുനില്‍ എസ്.ആര്‍. (33), അയിരൂപ്പാറ ഷിബുനിവാസില്‍ മധു (44), പോത്തന്‍കോട് സെന്‍റ്‌തോമസ് സ്‌കൂളിന് സമീപം കുന്നത്തുകോണം, നാരായണവിലാസത്തില്‍ സജീവ് (42) എന്നിവരാണ് മരിച്ചത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന അയിരൂപ്പാറ, തണ്ണീര്‍ശാല രാജ്ഭവനില്‍ സിബിരാജ് (35), അയിരൂപ്പാറ കല്ലൂര്‍ക്കോണത്തുവീട്ടില്‍ സുരേന്ദ്രന്‍ (44), പോത്തന്‍കോട് പ്ലാമൂട് സ്വദേശി ശ്രീജിത്ത് (30), ശ്രീകാര്യം ചെറുവയ്ക്കലില്‍ വാടകയ്ത്ത് താമസിക്കുന്ന കാട്ടാക്കട സ്വദേശി അനില്‍കുമാര്‍ (33) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.

ബുധനാഴ്ച പുലര്‍ച്ചെ 4.15 നായിരുന്നു അപകടം. മധുര, തിരുമംഗലം നല്ലമനായ്ക്കന്‍പെട്ടിക്ക് സമീപമായിരുന്നു അപകടം. എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണില്‍ പതിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നത്. ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ പോലീസില്‍ അറിയിച്ചു. കള്ളിക്കുഴി പോലീസെത്തി അപകടത്തില്‍പ്പെട്ടവരെ 108 ആംബുലന്‍സില്‍ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുതന്നെ മരിച്ച മധു, സജീവന്‍ എന്നിവരുടെ മൃതദേഹം തിരുമംഗലം ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന സിബിരാജിനെ മധുര അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കള്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ഇവര്‍ രാമേശ്വരത്തേക്ക് യാത്രതിരിച്ചത്. ഡ്രൈവര്‍ അരുണ്‍ അവിവാഹിതനാണ്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളു. അരുണിന്റെ ജ്യേഷ്ഠന്‍ ബിജുവിന്റെ കാറിലായിരുന്നു യാത്ര. അച്ഛന്‍: സുകുമാരപിള്ള. അമ്മ: രാജേശ്വരിഅമ്മ. അനുജന്‍ രാജീവ്.

മധു സ്വന്തമായി കാറ്ററിങ് സര്‍വീസ് നടത്തുകയാണ്. ചേര്‍ത്തല സ്വദേശിയായ ഇയാള്‍ അയിരൂപ്പാറയില്‍ വാടകവീട്ടിലെത്തിയിട്ട് മൂന്നു വര്‍ഷമാകുന്നതേയുള്ളൂ. കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി ശ്രീകല (ഗീത) യാണ് ഭാര്യ. മക്കള്‍: ഐശ്വര്യ എം.ജി.കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഐവണ്യ 10ലും ആദിഷ് 8 ലും ശാന്തിഗിരി സ്‌കൂളില്‍ പഠിക്കുന്നു.

സജീവന് അയിരൂപ്പാറ, മരുതുംമൂട്ടില്‍ റേഷന്‍കടയാണുള്ളത്. ശിവസേന ജില്ലാകമ്മിറ്റി അംഗമാണ്. ഭാര്യ: ജയലക്ഷ്മി. മകള്‍: ദേവിക യു.കെ.ജിയിലാണ്. അച്ഛന്‍: ഫല്‍ഗുനന്‍. അമ്മ: പരേതയായ ലീല.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വ്യാഴാഴ്ച അയിരൂപ്പാറ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Latest news

- -