LATEST NEWS » KERALA
  Sep 19, 2013
ഊരാളുങ്കലിനെക്കുറിച്ച് യു.എന്‍. ഡോക്യുമെന്‍ററി തയ്യാറാക്കും
സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധിക്ക് പരിഹാരം സഹകരണമേഖല -ലിസ്ഗ്രാന്‍റ്

കോഴിക്കോട്: ആഗോളതലത്തില്‍ സാമ്പത്തിക, ഭക്ഷ്യ, പാരിസ്ഥിതിക മേഖലയില്‍ പ്രതിസന്ധി വര്‍ധിക്കുമ്പോള്‍ പുനഃക്രമീകരിക്കാന്‍ പ്രതീക്ഷനല്‍കുന്നത് സഹകരണമേഖലയാണെന്ന് യു.എന്‍. റെസിഡന്‍റ് കോ-ഓര്‍ഡിനേറ്ററും യു.എന്‍.ഡി.പി. യുടെ ഡല്‍ഹിയിലെ റെസിഡന്‍റ് റെപ്രസന്‍േററ്റീവുമായ ലിസ്ഗ്രാന്‍റ് പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണസംഘവും മുംബൈ ടി.ഐ.എസ്.എസും കോഴിക്കോട് ഐ.ഐ.എമ്മും സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ലിസ്ഗ്രാന്‍റ്.

വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമേഖലകളില്‍ മുന്നേറ്റം നടത്താന്‍ സഹകരണപ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കുന്നതോടൊപ്പം അവര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്താനും സഹകരണമേഖലയ്ക്ക് സാധിക്കുന്നുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയെപ്പോലെ തൊഴിലാളികള്‍ സ്ഥാപിച്ച് തൊഴിലാളികള്‍തന്നെ നടത്തുന്ന സഹകരണപ്രസ്ഥാനം ലോകത്തെവിടെയും കാണില്ല. ഈ മാതൃക യു.എന്‍. ഡോക്യുമെന്‍ററിയാക്കി ലോകത്തെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

ഊരാളുങ്കല്‍ സൊസൈറ്റി കൈവരിച്ച വളര്‍ച്ച അനുകരണീയമാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിന് ഊരാളുങ്കല്‍ സൊസൈറ്റി അര്‍പ്പിച്ച സംഭാവന വിസ്മരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ സന്ദേശത്തില്‍ പറഞ്ഞു.

സഹകരണമേഖലയെ പ്രതിസന്ധിയിലാക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും നബാര്‍ഡും കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഊരാളുങ്കലിന്റെ പ്രവര്‍ത്തനം ആസ്പദമാക്കി തയ്യാറാക്കിയ മുന്നേറ്റം എന്ന പുസ്തകം മേയര്‍ എ.കെ. പ്രേമജത്തിന് നല്‍കി കോടിയേരി പ്രകാശനം ചെയ്തു.

അഞ്ചുവര്‍ഷംകൊണ്ട് 2000 കോടി വിറ്റുവരവുള്ള പ്രസ്ഥാനമായി ഊരാളുങ്കല്‍ സൊസൈറ്റി വളര്‍ച്ച കൈവരിക്കുമെന്ന് ഡോ. ടി.എം. തോമസ് ഐസക്ക് എം.എല്‍.എ. പറഞ്ഞു.

മേയര്‍ എ.കെ. പ്രേമജം, പാര്‍ട്ടിനേതാക്കളായ ടി.പി. രാമകൃഷ്ണന്‍, കെ.സി. അബു, മനയത്ത് ചന്ദ്രന്‍, ഐ.വി. ശശാങ്കന്‍, ജോണ്‍ പൂതക്കുഴി, മുക്കം മുഹമ്മദ്, കെ.പി. രാജന്‍, സി.പി. ഹമീദ് എന്നിവര്‍ സംസാരിച്ചു. യു.എല്‍.സി.സി.എസ്. പ്രസിഡന്‍റ് രമേശന്‍പാലേരി സ്വാഗതവും ആര്‍. രാമകുമാര്‍ നന്ദിയും പറഞ്ഞു. സെമിനാര്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി കോഴിക്കോട് ഐ.ഐ.എമ്മില്‍ നടക്കും.

Latest news