LATEST NEWS
  Sep 19, 2013
എം.വി.രാഘവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കണ്ണൂര്‍: സി.എം.പി. നേതാവും മുന്‍മന്ത്രിയുമായ എം.വി.രാഘവന്റെ ആരോഗ്യനില അതി ഗുരുതരമായി തുടരുന്നു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും സംസാരശേഷി വീണ്ടെടുത്തിട്ടില്ല. വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും മെഡിക്കന്‍ ബുള്ളറ്റിനില്‍ പറയുന്നു.

നേരിയതോതിലുള്ള ഹൃദയാഘാതവും ആമാശയത്തിലേക്ക് രക്തസ്രാവവുമുണ്ടായിട്ടുണ്ട്. മരുന്നുകളോട് നേരിയ തോതിലാണ് പ്രതികരിക്കുന്നതെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പാര്‍ക്കിന്‍സണ്‍ അസുഖത്തിന് ദീര്‍ഘനാളായി എം.വി.ആര്‍. ചികിത്സയിലാണ്. ഇപ്പോള്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനവും മന്ദീഭവിച്ചിട്ടുണ്ട്. ചില നേരങ്ങളില്‍ അടുത്ത ബന്ധുക്കളെമാത്രം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

സര്‍ക്കാര്‍നിര്‍ദേശത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ന്യൂറോ മെഡിസിന്‍ വിഭാഗത്തിലെ ഒരു വിദഗ്ധഡോക്ടര്‍ പരിയാരത്ത് എത്തുന്നുണ്ട്. ഇതിനുപുറമെ പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എസ്.എം.അഷറഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് എം.വി.രാഘവനെ ചികിത്സിക്കുന്നത്.

ഇതിനിടയില്‍, എം.വി.ആറിന്റെ ഭാര്യ ജാനകിയെയും ബുധനാഴ്ച പരിയാരത്ത് പ്രവേശിപ്പിച്ചിട്ടുണ്ട്. പിത്താശയകല്ലിനെത്തുടര്‍ന്ന് കടുത്ത വയറുവേദനയുണ്ടായതിനാലാണിത്. ഇവരും തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. വ്യാഴാഴ്ച ഇവര്‍ക്ക് ശസ്ത്രക്രിയ നടത്താനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Latest news