LATEST NEWS » KERALA
  Sep 19, 2013
ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ നേരെയാക്കാന്‍ അയല്‍ക്കാര്‍ക്ക് വഴികള്‍ പലത്
തിരുവനന്തപുരം/ ചെന്നൈ/ബാംഗ്ലൂര്‍: വന്‍കിട ഉപഭോക്താക്കളെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ണാടക, തമിഴ്‌നാട് ഗതാഗത സ്ഥാപനങ്ങളേയും വെട്ടിലാക്കി. ഡീസല്‍ സബ്‌സിഡി വിഹിതം സര്‍ക്കാര്‍ ഏറ്റെടുത്തും സ്ഥാപനങ്ങളെ വൈവിധ്യവത്കരിച്ചുമാണ് അയല്‍ സംസ്ഥാനങ്ങള്‍ ഒരു പരിധിവരെ പ്രതിസന്ധി പരിഹരിച്ചത്.

നഗരങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന ഏക്കറുകണക്കിന് സ്ഥലം കെ.എസ്.ആര്‍.ടി.സിക്കുമുണ്ട്. അങ്കമാലി ബസ് സ്റ്റേഷനില്‍ ഷോപ്പിങ് മാള്‍ പണികഴിപ്പിച്ച് വാടകയ്ക്ക് കൊടുത്ത പദ്ധതി വിജയകരമായി വരുന്നു. കൊട്ടാരക്കരയിലും കാട്ടാക്കടയിലും ഈ മാതൃക തുടങ്ങിയിട്ടുണ്ട്.

തമ്പാനൂരിലെ കൂറ്റന്‍ കെട്ടിടത്തില്‍ നിന്ന് രണ്ടുവര്‍ഷത്തിനകം വരുമാനം ലഭിച്ചുതുടങ്ങുമെന്ന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നു. പ്രതിമാസം 120 കോടി രൂപയുടെ നഷ്ടം കുറയ്ക്കാന്‍ ആധുനികവത്കരണത്തിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഡീസലിനുള്ള അധിക വില സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. പ്രതിവര്‍ഷം 1000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയായിവരുന്നത്. ബാധ്യത യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കാതെ സര്‍ക്കാര്‍ തന്നെ വഹിക്കുകയാണ്. സംസ്ഥാനത്തെ 22,300 സര്‍ക്കാര്‍ ബസുകളാണ് സര്‍വീസുകളിലായി 2.20 കോടി പേര്‍ പ്രതിമാസം യാത്ര നടത്തുന്നത്.

32 ജില്ലകളിലായി പ്രതിമാസം 9020 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പ്രതിമാസ ഡീസല്‍ ഉപഭോഗം 48,000 കിലോ ലിറ്ററാണ്. സംസ്ഥാനത്തിന്റെ ബസ് സര്‍വീസുകളുടെ കുത്തക സംസ്ഥാന സര്‍ക്കാരിനാണ്.സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മൊത്തം സ്വകാര്യ ബസുകള്‍ 7997 മാത്രമാണ്. പത്ത് വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചത് 2011 നവംബര്‍ 17നാണ്. മിനിമം നിരക്ക് ഏഴ് രൂപയുള്ള ഡീലക്‌സ് ബസ് സര്‍വീസുകളാണ് എഴുപത് ശതമാനവും. നഗരത്തില്‍ മിനിമം നിരക്കില്‍ രണ്ട് കിലോ മീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. രാത്രി കാല സര്‍വീസുകളില്‍ സാധാരണ നിരക്കിന്റെ ഇരട്ടിയാണ് സിറ്റി ബസുകളില്‍ ഈടാക്കുക.

കര്‍ണാടക ആര്‍.ടി.സിയുടെ കീഴില്‍ ബി.എം.ടി. സി, നോര്‍ത്ത്-വെസ്റ്റ് ആര്‍. ടി.സി, കെ. എസ്. ആര്‍. ടി. സി. നോര്‍ത്ത്-ഈസ്റ്റ് ആര്‍.ടി.സി. എന്നീ നാല് വിഭാഗങ്ങളാണുള്ളത്. നാലിലും കൂടി 25000ത്തോളം ബസുകളുണ്ട്. ഇവയുടെ പ്രതിമാസ ഡീസല്‍ ഉപഭോഗം 50000ത്തോളം കിലോലിറ്റര്‍ വരും. ഒരു ദിവസം ഇവര്‍ ഡീസലിന് മാത്രമായി ആറ് മുതല്‍ പത്ത് കോടി വരെ ചെലവാക്കുന്നുണ്ട്. ഡീസല്‍ സബ്‌സിഡി നഷ്ടമായതിനെത്തുടര്‍ന്ന് കര്‍ണാടക ആര്‍. ടി .സി ബസുകള്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസലടിച്ച് 94.14 കോടി രൂപയുടെ ലാഭമുണ്ടാക്കിയിരുന്നു.

ടിക്കറ്റ്‌നിരക്ക് വര്‍ധിപ്പിക്കാതെയാണ് കര്‍ണാടക ആര്‍. ടി. സി. സ്വകാര്യ പമ്പുകളുടെ സഹകരണത്തോടെ ഇത് നടപ്പിലാക്കിയത്. ഇതേത്തുടര്‍ന്ന് പെട്രോള്‍ ബങ്കുകളുടെ ഡീസല്‍ വില്പന വര്‍ധിച്ചു. കര്‍ണാടക ആര്‍. ടി. സി. ലാഭത്തിലാണെന്നാണ് അധികൃതരുടെ വാദം. ബസുകളില്‍ നിന്നുള്ള വരുമാനത്തിന് പുറമെ ബസ് സ്റ്റാന്‍ഡ്, ഷോപ്പിങ് മാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വരുമാനവും കര്‍ണാടക ആര്‍. ടി സിക്ക് മുതല്‍ക്കൂട്ടാണ്. കര്‍ണാടക ആര്‍. ടി സിയുടെ ലാഭം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ 2919 കോടി രൂപ അനുവദിച്ചിരുന്നു.

ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതില്‍ പ്രതിസന്ധിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ ബസുകളുമായി മത്സരമില്ലാത്തതും കര്‍ണാടക ആര്‍. ടി സിക്ക് അനുഗ്രഹമാണ്. ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനി (ബി. എം. ടി. സി) ല്‍ അഞ്ച് രൂപയാണ് മിനിമം ചാര്‍ജ്. ബി. എം. ടി സി ബസുകളില്‍ പ്രതിദിനം, പ്രതിമാസ പാസുകളുമുണ്ട്. പ്രതിദിനം പാസ് 55 രൂപയും, പ്രതിമാസം പാസ്(എസിയില്ലാത്ത സര്‍വീസുകളില്‍) 725 രൂപയുമാണ് പാസ് നിരക്ക്.

ആകെയുള്ള നാല് സര്‍വീസുകളില്‍ കര്‍ണാടക ആര്‍. ടി. സിക്ക് പ്രതിദിനം 7366 ഷെഡ്യൂളുകളുണ്ട്. ഇവര്‍ക്ക് 36758 ജീവനക്കാരുമുണ്ട്. 634.75 ലക്ഷം രൂപയാണ് വരുമാനം.

Latest news

- -

 

 

 

 

 

 

 

 

 

- -