LATEST NEWS » KERALA
  Sep 19, 2013
കെഎസ്ആര്‍ടിസി പമ്പുകള്‍ സപ്ലൈകോയ്ക്ക് കൈമാറും
ഡീസല്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു


* സപ്ലൈകോയ്ക്ക് വാടകയ്ക്ക് നല്‍കുന്നത് 67 പമ്പുകള്‍
* കെ.എസ്.ആര്‍.ടി.സി.ക്ക് റീട്ടെയില്‍ നിരക്കില്‍ സബ്‌സിഡിയോടെ ഡീസല്‍ ലഭിക്കും
* നിര്‍ദേശം എണ്ണക്കമ്പനികള്‍ അംഗീകരിച്ചു
* ജീവനക്കാരുടെ ശമ്പളമോ പെന്‍ഷനോ കുറയ്ക്കില്ലെന്ന് ആര്യാടന്‍


തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള 67 പമ്പുകള്‍ സപ്ലൈകോയ്ക്ക് കൈമാറാന്‍ തീരുമാനം. കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചാല്‍ ഈ പമ്പുകള്‍ക്ക് അനുമതി നല്‍കാമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാവില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എണ്ണക്കമ്പനി പ്രതിനിധികളുമായി ബുധനാഴ്ച ചര്‍ച്ച നടന്നു. പ്രതിദിനം 4.2 ലക്ഷം ലിറ്റര്‍ ഡീസല്‍ വാങ്ങുന്ന കോര്‍പ്പറേഷന് സബ്‌സിഡി നിരാകരിക്കുന്നത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി.

കോര്‍പ്പറേഷന്റെ 67 പമ്പുകള്‍ സപ്ലൈകോയ്ക്ക് വാടകയ്ക്ക് നല്‍കുകയും കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സപ്ലൈകോ മുഖേന ഡീസല്‍ നിറയ്ക്കുകയും ചെയ്താല്‍ പ്രതിസന്ധി പരിഹരിക്കാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. കെ.എസ്.ആര്‍.ടി.സി.ക്ക് റീട്ടെയില്‍ നിരക്കില്‍ സബ്‌സിഡിയോടെ ഡീസല്‍ ലഭിക്കുമെന്ന നേട്ടം ഇതുമൂലമുണ്ട്. സാധാരണ ഉപഭോക്താവിന് ലഭിക്കുന്ന തുകയ്ക്ക്തന്നെ കെ.എസ്.ആര്‍.ടി.സി .ക്കും ഡീസല്‍ ലഭ്യമാകും. സംസ്ഥാന സര്‍ ക്കാര്‍ നികുതിയും സെസും ചേര്‍ത്ത് 19.39 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് ഇപ്പോള്‍ അധികമായി നല്‍കേണ്ടിവ രുന്നത്.

നിര്‍ദേശം എണക്കമ്പനി പ്രതിനിധികള്‍ തത്ത്വത്തില്‍ അംഗീകരിച്ചതായി ആര്യാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇതിനാവശ്യമായ ലൈസന്‍സ് ലഭ്യമാക്കാനുള്ള നടപടികള്‍ 20-ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോയ്ക്ക് ഡീലര്‍ ലൈസന്‍സ് നല്‍കേണ്ടത് എണ്ണക്കമ്പനികളാണ്. പെട്രോളിയം മന്ത്രാലയവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും അറിയുന്നു.

സബ്‌സിഡി നഷ്ടമായതിനെത്തുടര്‍ന്ന് കൂടിയ വിലയ്ക്ക് ബുധനാഴ്ചതന്നെ കോര്‍പ്പറേഷന്‍ ഡീസല്‍ വാങ്ങിത്തുടങ്ങി. ഡീസല്‍ സബ്‌സിഡി നഷ്ടമായെങ്കിലും സര്‍വീസുകളൊന്നും വെട്ടിക്കുറച്ചിട്ടില്ലെന്ന് ആര്യാടന്‍ വ്യക്തമാക്കി. അവിട്ടം ദിനത്തില്‍ 4736 ഷെഡ്യൂളുകളാണ് സര്‍വീസ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിനം 4535 ഷെഡ്യൂളുകളായിരുന്നു സര്‍വീസ് നടത്തിയത്.

ജനപ്രതിനിധികള്‍ക്കും വികലാംഗര്‍ക്കും യാത്രാസൗജന്യമനുവദിക്കുന്നതിനെ കെടുകാര്യസ്ഥതയായി കോടതി വിലയിരുത്തിയിട്ടുണ്ടെങ്കില്‍ അത്തരം കെടുകാര്യസ്ഥത ഇനിയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കോര്‍പ്പറേഷനെ നിലനിര്‍ത്താനെന്തും ചെയ്യും.

ജീവനക്കാരുടെ ശമ്പളമോ പെന്‍ഷനോ കുറയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Latest news