LATEST NEWS
  Aug 13, 2013
ഡാര്‍ജിലിംഗ് പ്രശ്‌നം വഷളാക്കിയത് സര്‍ക്കാര്‍ : സൂര്യകാന്തൊ മിശ്ര
കൊല്‍ക്കത്ത : ഡാര്‍ജിലിംഗ് പ്രശ്‌നം വഷളാക്കിയത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളാണെന്ന് ബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ സൂര്യകാന്തൊ മിശ്ര. ഇതിന്റെ ഉത്തരവാദിത്വം ജി.ടി.എ രൂപവത്കരണ ഉടമ്പടിയില്‍ ഒപ്പുവെച്ച കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗൂര്‍ഖാ ജനമുക്തിമോര്‍ച്ചയ്ക്കും ഉണ്ടെന്നും മിശ്ര കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനകള്‍ സ്ഥിതി മോശമാക്കുന്നു. ഡാര്‍ജിലിങ്ങിലെ സ്ഥിതി ഇപ്പോള്‍ ഗുരുതരമാണ്. ബന്ദ് നീണ്ടുപോകുന്നത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഈനില തുടര്‍ന്നുകൂടാ. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ മറവില്‍ മുഖ്യമന്ത്രി പ്രയോഗിക്കുന്ന ഭാഷ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കാനെ ഉപകരിക്കൂ. ഡാര്‍ജിലിങ്ങിന്റെ കാര്യത്തില്‍ കാണിക്കുന്ന ഉത്സാഹം ഹൈക്കോടതിയുടെ മറ്റുനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ല.

ജി.ടി.എ.യോഗം വിളിക്കുന്നതിന് പകരം സി പി എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രത്യേക സംസ്ഥാന രൂപവത്കരണം പ്രശ്‌നത്തിന് പരിഹാരമല്ല. അതുകൊണ്ടുതന്നെ പ്രത്യേക സംസ്ഥാനം എന്ന മോര്‍ച്ചയുടെ ആവശ്യത്തെ തങ്ങള്‍ പിന്തുണക്കുന്നില്ല - മിശ്ര പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുകൂടുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. മോര്‍ച്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ എന്തിന് പങ്കെടുക്കണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ആലോചിച്ച് പ്രശ്‌നം പരിഹരിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുത്തല്‍ ഉത്തരവാദിത മുണ്ടെന്നും മിശ്ര അഭിപ്രായപ്പെട്ടു.

രവി പാലൂര്‍

Latest news