LATEST NEWS
  Aug 13, 2013
റൈറ്റേഴ്‌സ് ബില്‍ഡിങ് നവീകരിക്കുന്നു; ബംഗാള്‍ സര്‍ക്കാര്‍ ആസ്ഥാനം തല്‍ക്കാലം മാറും
ടി.എസ് കാര്‍ത്തികേയന്‍


കൊല്‍ക്കത്ത: രണ്ടേകാല്‍ നൂറ്റാണ്ടിന്റെ ഭരണത്തുടര്‍ച്ചകള്‍ക്കും കയറ്റിയിറക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ച റൈറ്റേഴ്‌സ് ബില്‍ഡിങ്ങ് നവീകരിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി ഇക്കാര്യം ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ നവീകരണം പൂര്‍ത്തിയാകുന്നതുവരെ സര്‍ക്കാര്‍ ആസ്ഥാനം ഹൗറ ജില്ലയിലെ എച്ച്.ആര്‍ .ബി.സി (ഹൂഗഌ റിവര്‍ ബ്രിഡ്ജ് കമ്മീഷന്‍) കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം.

സുരക്ഷാ കാരണങ്ങളാണ് റൈറ്റേഴ്‌സില്‍ നിന്ന്് ആസ്ഥാനം മാറ്റുന്നതിന് മുഖ്യമന്ത്രി എടുത്തുകാട്ടിയത്. അഗ്നിബാധയുണ്ടായാല്‍ കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നും വ്യക്തമായ ആസൂത്രണമില്ലാതെ പല ചെറിയമുറികളും കൂട്ടിച്ചേര്‍ത്തിട്ടുള്ളതിനാല്‍ നവീകരണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസടക്കം 17 വകുപ്പുകളുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറും.

സര്‍ക്കാര്‍ ആസ്ഥാനം മാറ്റുന്നതിനെപ്പറ്റി സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെപ്പറ്റി ധവളപത്രം പുറപ്പെടുവിക്കണമെന്നാണ് പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടത്. എല്ലാ വകുപ്പുകളും ഒറ്റയടിക്ക് മാറ്റുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും പല പ്രധാന ഫയലുകളും നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റൈറ്റേഴ്‌സ് നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ അദ്ധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്‍ജി അഭിപ്രായപ്പെട്ടത്. എന്നാല്‍ ജീവനക്കാര്‍ക്ക് പുതിയ ആസ്ഥാനത്ത് എത്താന്‍ സുഗമമായ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സപ്തംബറില്‍ മമതയുമായി സഖ്യം വിട്ട ശേഷം അവരുടെ എല്ലാ സുപ്രധാന തീരുമാനങ്ങളെയും നഖശിഖാന്തം എതിര്‍ത്തുപോന്ന കോണ്‍ഗ്രസിന്റെ സ്വരംമാറ്റം രാ്ര്രഷ്ടീയവൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടി റൈറ്റേഴ്‌സില്‍ നിന്നുള്ള മാറ്റത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ തീരുമാനത്തെ എതിര്‍ക്കുകയാണ്. മൊത്തം അടിസ്ഥാനസൗകര്യങ്ങളടക്കം പെട്ടെന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ അത് ഭരണസ്്തംഭനത്തിനിടയാക്കുമെന്ന് യൂണിയന്‍ നേതാവ് മാലായ് മുഖര്‍ജി പറഞ്ഞു. ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ചരിത്രരേഖകളുടെ ശേഖരമാണ് റൈറ്റേഴ്‌സിലുള്ളതെന്നും ആസ്ഥാനം മാറുന്നതിനിടെ ഇവ നഷ്ടപ്പെട്ടോ നശിച്ചോ പോയാ്ല്‍ ആര് ഉത്തരവാദിത്വമേല്‍ക്കും എന്നാണ് ഇടത് അനുകൂലസംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതാവ് അനന്ദ ബന്ദോപാദ്ധ്യായ ചോദിക്കുന്നത്. രണ്ട് യൂണിയനുകളും ആസ്ഥാനം മാറ്റുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ കെട്ടിടം നവീകരിച്ചില്ലെങ്കില്‍ രേഖകള്‍ മാത്രമല്ല വിലപ്പെട്ട ജീവനുകള്‍ കൂടി നഷ്ടമാകുമെന്നു ചൂണ്ടിക്കാണിച്ച് തൃണമൂല്‍ അനുകൂല യൂണിയന്‍ പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.

വാറന്‍ ഹേസ്റ്റിങ്‌സ് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന കാലത്ത് 1777-ല്‍ പണി തുടങ്ങിയ റൈറ്റേഴ്‌സ് ബില്‍ഡിങ് ആദ്യം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കാര്യാലയമായിരുന്നു. റൈറ്റേഴ്‌സ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. കെട്ടിടത്തിന് അങ്ങിനെയാണ് റൈറ്റേഴ്‌സ് ബില്‍ഡിങ് എന്ന് പേരുണ്ടായത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേയും പിന്നീട് വൈസ്രോയിയുടേയും ആസ്ഥാനമായി റൈറ്റേഴ്‌സ് മാറിയതോടെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണം തന്നെ നിയന്ത്രിക്കുന്ന ആസ്ഥാനമായി ഇവിടം മാറി. ഗോഥിക് ശൈലിയിലുള്ളതാണ് ഇതിന്റെ നിര്‍മ്മാണം.

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന് ജ്യോതിബസു റെക്കോടിട്ടതിന് സാക്ഷ്യം വഹിച്ച േൈററ്റഴ്‌സിന് ചോരപുരണ്ട മറ്റൊരു ഏട് കൂടി പങ്കുവെക്കാനുണ്ട്. 1930 ഡിസംബര്‍ എട്ടിന് സ്വാതന്ത്ര്യസമരപ്പോരാളികളായ ബിനോയ് ബസു, ബാദല്‍ ഗുപ്ത, ദിനേശ് ഗുപ്ത എന്നിവര്‍ റൈറ്റേഴ്‌സില്‍ കടന്നുകയറി ക്രൂരനായ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (പ്രിസണ്‍സ് ) എന്‍ .എസ്.സിംപ്‌സണെ വെടിവെച്ചുകൊന്നത് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ചിരുന്നു.ഈ മൂന്നുപേരുടെയും ഓര്‍മ്മയ്ക്കായിട്ടാണ് റൈറ്റേഴ്‌സ് നില്‍ക്കുന്ന പ്രദേശത്തിന് ബി.ബി.ഡി.ബാഗ് എന്ന് പേര് നല്‍കിയിട്ടുള്ളത്.

Latest news

- -