LATEST NEWS
  Aug 13, 2013
വദ്രയ്‌ക്കെതിരെയുള്ള ആരോപണം: പാര്‍ലമെന്റിലെ ഇരുസഭകളിലും ബഹളം


ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാലര്‍മെന്റിന്റെ ഇരുസഭകളിലും ബഹളം. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് ലോക്‌സഭയില്‍ ആവശ്യം ഉന്നയിച്ചത്.

വദ്രയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹരിയാണയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അശോക് ഖെംക ഉന്നയിച്ചിരിക്കുന്നത്. ഗുഡ്ഗാവിലെ 3.5 ഏക്കര്‍ സ്ഥലത്തിനായി വദ്ര വ്യാജരേഖ തയ്യാറാക്കിയെന്നും ഒട്ടേറെ കൃത്രിമകൈമാറ്റങ്ങള്‍ നടത്തിയെന്നും ഖെംക കുറ്റപ്പെടുത്തുന്നു.

ഈ സ്ഥലം പിന്നീട് 58 കോടിക്കാണ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഡിഎല്‍എഫിന് കൈമാറിയത്. വഴിവിട്ടാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കോളനികളുടെ ലൈസന്‍സ് വദ്രയ്ക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന നഗരാസൂത്രണ വകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്നും ചട്ടങ്ങളും വ്യവസ്ഥകളും ബലികഴിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

വദ്ര- ഡിഎല്‍എഫ് ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിക്ക് നല്‍കിയ വിശദീകരണത്തിലാണ് ഖെംക വദ്രയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

Latest news