LATEST NEWS
  Aug 13, 2013
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും. ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും കേസ് അന്വേഷിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സോളാര്‍ തട്ടിപ്പില്‍ ഏഴ് പ്രധാന കേസുകളില്‍ പോലീസ് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഏഴ് കേസുകളില്‍ കുറ്റപത്രം കൊടുക്കാന്‍ ശേഷിക്കുന്ന അഞ്ച് കേസുകളില്‍ വെള്ളിയാഴ്ച കുറ്റപത്രം നല്‍കും.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി സംസാരിച്ച് തീരുമാനിക്കും. പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയാറാണെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും തീരുമാനിക്കുക. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. അടുത്ത മന്ത്രിസഭാ യോഗം തന്നെ ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് ഉത്തരവ് കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാറില്‍ സി.ബി.ഐ അന്വേഷണത്തെ പോലും സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണ്. സര്‍ക്കാരിന് ഇതില്‍ ഒന്നും മറയ്ക്കാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് നടന്നപ്പോള്‍ ആരും സെക്രട്ടേറിയറ്റ് വളഞ്ഞില്ല. ബംഗാളില്‍ ശാരദാ ചിട്ടിത്തട്ടിപ്പ് 3000 കോടിയുടെ തട്ടിപ്പ് നടന്നു. പ്രകാശ് കാരാട്ട് ബംഗാളിലേക്ക് പോയില്ല. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ അജന്‍ഡയാണ്.

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പേരില്‍ രാജിവെക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. 1957 ലെ ഇ.എം.എസ് മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ട് രാജിവെച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest news