OBITUARY
  Aug 13, 2013
കാണാതായ വനം വാച്ചര്‍ ആനയുടെ അടിയേറ്റ് മരിച്ചനിലയില്‍
അച്ചന്‍കോവില്‍: വനംവികസന കോര്‍പ്പറേഷന്റെ തേക്കുതോട്ടത്തിലെ താത്കാലിക വാച്ചറെ കുംഭാവുരുട്ടി ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം കാട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടിയേറ്റ് മുഖം തകര്‍ന്ന നിലയില്‍ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് കരുതുന്നു.
തിരുവനന്തപുരം നെടുമങ്ങാട് കുറ്റിച്ചല്‍ കോട്ടൂര്‍ മലവിള പോങ്ങുംകുഴി മനുഭവനില്‍ രാഘവന്റെ മകന്‍ മധു (48) വാണ് മരിച്ചത്. കുംഭാവുരുട്ടിയില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ കാട്ടില്‍ മണലാര്‍ 2010 പ്ലാന്റേഷനിലെ വാച്ചറാണ്. തോട്ടത്തില്‍ താമസിക്കുന്ന ഷെഡില്‍നിന്ന് 500 മീറ്റര്‍ മുകളില്‍ ആലമ്പാറ മലയടിവാരത്ത് ബംഗാരുപ്പാറ തോട്ടിന് സമീപമാണ് ജഡം കണ്ടെത്തിയത്.
കാട്ടാനയെ ഓടിക്കാനായി ശനിയാഴ്ച രാവിലെ പടക്കവുമായി പിന്നാലെപോയ മധുവിനെ അന്നുമുതല്‍ കാണാനില്ലായിരുന്നു. കൂപ്പിലെ പണിക്ക് വന്ന വെട്ടിയറ സ്വദേശി രാജു വെള്ളിയാഴ്ച രാത്രി മധുവിനൊപ്പം ഷെഡിലുണ്ടായിരുന്നു. രാത്രി ആനകള്‍ അടുത്തുവരെ വന്നിരുന്നെന്നും പടക്കമെറിഞ്ഞ് ഓടിച്ചതായും ഇയാള്‍ പറഞ്ഞു. അടുത്തദിവസം രാവിലെ മധു ആനയെ ഓടിക്കാന്‍ വീണ്ടും പോയി. വൈകുന്നേരമായിട്ടും മടങ്ങിവന്നില്ല.
46 ഹെക്ടറുള്ള തോട്ടത്തില്‍ കൂപ്പ് റോഡിനരികില്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിന്റെ സൗരോര്‍ജ്ജവേലി ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്.തെന്മല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏഴുവര്‍ഷമായി വനംവികസന കോര്‍പ്പറേഷനില്‍ താത്കാലിക വാച്ചറായ മധു നാലരവര്‍ഷമായി മണലാര്‍ പ്ലാന്റേഷനിലെത്തിയിട്ട്. ഭാര്യ ഉഷ. മക്കള്‍: മനു, മായ.
Other News in this section
സി.പി.എം. മുന് ബ്രാഞ്ച് സെക്രട്ടറി ലോക്കല് കമ്മിറ്റി ഓഫീസില് തൂങ്ങിമരിച്ച നിലയില്‌
ഹരിപ്പാട്: സി.പി.എം മുന് ബ്രാഞ്ച് സെക്രട്ടറിയെ ലോക്കല് കമ്മിറ്റി ഓഫീസില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. തൃക്കുന്നപ്പുഴ കളയ്ക്കാട്ട് കിഴക്കതില് ഗോപാലകൃഷ്ണന്റെ മകന് സുരേഷി(33)നെ ബുധനാഴ്ച രാവിലെയാണ് തൃക്കുന്നപ്പുഴ ഓഫീസിലെ ഫാനില് തൂങ്ങിമരിച്ച നിലയില് കണ്ടത്. സമീപത്തെ റോഡിലൂടെ നടന്നുപോയ സ്ത്രീയാണ് വിവരം പോലീസ് സ്റ്റേഷനില് അറിയിച്ചത്.ഏറെ നാളത്തെ പരിചയമുണ്ടായിരുന്ന ..

Latest news