LOCAL NEWS
  Aug 13, 2013
സമരഭക്ഷണം വിഭവസമൃദ്ധം
രാവിലെ ഉപ്പുമാവ്, ഉരുളക്കിഴങ്ങ് കറി, പഴം, പഞ്ചസാര, പയറ്, പപ്പടം ഒപ്പം ചേര്‍ക്കാനുള്ള വിഭവങ്ങള്‍ ഓരോ ഭക്ഷണശാലയ്ക്കും വ്യത്യസ്തം. ഉച്ചയ്ക്ക് ചോറിനൊപ്പം അവിയലും അച്ചാറും എല്ലാ ഭക്ഷണശാലകളിലും ഉണ്ടായിരുന്നു. ഒഴിക്കാന്‍ സാമ്പാര്‍, രസം, പുളിശേരി എന്നിവയിലേതെങ്കിലും ഒന്ന്. ചില ഭക്ഷണശാലകളില്‍കിച്ചടി, ചമ്മന്തി, തോരന്‍, പപ്പടം, സലാഡ് തുടങ്ങിയവ കൂടി ചേര്‍ത്ത് അല്‍പ്പം ആര്‍ഭാടത്തോടെയുള്ള ഊണ്. രാത്രി കഞ്ഞിയും പയറും. ശരിയായ സസ്യാഹാരം. സി.പി.ഐ നേതാവ് സി.ദിവാകരന്റെ ഭാഷയില്‍ 'സമര ഭക്ഷണം'.
മുക്കാല്‍ ലക്ഷത്തോളം സമരക്കാര്‍ക്ക് ആഹാരം ഒരുക്കാനായി വിപുലമായ ഒരുക്കങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ 18 ഏര്യാക്കമ്മറ്റികളുടെ നേതൃത്വത്തില്‍ നഗരത്തിലെ 15 കേന്ദ്രങ്ങളില്‍ ഒരുക്കിയത്. ആദ്യദിവസം കാര്യങ്ങളെല്ലാം താളം തെറ്റാതെ ഭംഗിയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ആഹാരം തയാറാക്കാനുള്ള ചുമതല സി.പി.എം ചാല ഏര്യാക്കമ്മിറ്റിക്കായിരുന്നു. പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ ഒരുക്കിയ പാചകശാലയില്‍ 7500 പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയത്. രാവിലെ ഉപ്പുമാവും ഉരുളക്കിഴങ്ങ് കറിയും, ഉച്ചയ്ക്ക് ചോറ്, സാമ്പാറ്, അവിയല്‍, കിച്ചടി, അച്ചാര്‍ എന്നിവയായിരുന്നു ഇവരുടെ മെനു. പോലീസ് പൊളിക്കാനെത്തി വിവാദമായ പാളയം കമ്മിറ്റിക്കാരുടെ ജഗതിയിലെ ഭക്ഷണശാലയില്‍ ചോറിനൊപ്പം സാമ്പാറും പുളിശേരിയും അവിയലും ചമ്മന്തിയും അച്ചാറും ഒരുങ്ങി. ആറായിരം പേര്‍ക്ക് ഭക്ഷണം ഒരുക്കിയ നേമം ഏര്യാക്കമ്മറ്റി സാമ്പാര്‍, അവിയല്‍, അച്ചാര്‍, സലാഡ് എന്നീ കറികളാണ് നല്‍കിയത്.
3500 പേര്‍ക്കാണ് വര്‍ക്കല ഏര്യാക്കമ്മിറ്റി ഭക്ഷണം ഒരുക്കിയത്. ചോറിനൊപ്പം സാമ്പാറും തോരനുമാണ് ഇവര്‍ നല്‍കിയത്. ഓരോ ജില്ലയില്‍ നിന്നെത്തുന്ന സമരക്കാര്‍ക്കും പ്രത്യേകം ഭക്ഷണകേന്ദ്രങ്ങളാണ്. സെക്രട്ടേറിയറ്റിന് ചുറ്റുമായി സ്ഥലങ്ങള്‍ വാടകയ്‌ക്കെടുത്തും വീടുകള്‍ ഒരുക്കിയുമാണ് പാചകപ്പുരകള്‍ തയാറായത്. എന്നാല്‍ കണക്കാക്കിയതിനെക്കാള്‍ കൂടുതല്‍ പേര്‍ക്ക് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ആഹാരം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ നിന്നും തിരഞ്ഞെടുത്തതിനേക്കാളേറെ സമര വളണ്ടിയര്‍മാരാണ് എത്തിയത്.
ബുഫെയുടെ ചെറിയ രൂപത്തില്‍ കൗണ്ടറുകള്‍ ഒരുക്കിയായിരുന്നു വിതരണം. അഞ്ചു മുതല്‍ 15 കൗണ്ടറുകള്‍ വരെയാണ് ഒരോ കേന്ദ്രത്തിലും ഉണ്ടായിരുന്നത്. എന്നാല്‍ സ്ഥലപരിമിതി കാരണം മിക്ക കേന്ദ്രങ്ങളിലും ഭക്ഷണത്തിനായി സമരക്കാരുടെ നീണ്ട നിരയായിരുന്നു. 12 ഓടെ തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചെങ്കിലും ചില സ്ഥലങ്ങളില്‍ 3 വരെ നീണ്ടു. റോഡില്‍ കസേരയിട്ടിരുന്നും നിന്നുമൊക്കെയാണ് ഇവര്‍ ഊണുകഴിച്ചത്. ചെറുസംഘങ്ങളായെത്തിയാണ് സമരക്കാര്‍ ഭക്ഷണം കഴിച്ചുമടങ്ങിയത്. ഇവര്‍ക്ക് സമരപ്പന്തലിലേക്ക് കൊണ്ടുപോകാനായി കുപ്പികളില്‍ ചൂടുവെള്ളം നിറച്ചു നല്‍കുകയും ചെയ്തു. ഒരോ നേരത്തെയും ഭക്ഷണത്തിന് ഭക്ഷണശാലയുടെ പേരുള്‍പ്പടെ പ്രത്യേകം കൂപ്പണുകള്‍ അച്ചടിച്ചു നല്‍കിയിരുന്നു.
ഒരാഴ്ചത്തേക്കുള്ള സാധനങ്ങള്‍ പാചകപ്പുരകളില്‍ സംഭരിച്ചിട്ടുണ്ട്. ഇവയോട് ചേര്‍ന്ന് കലവറകള്‍ക്കായി വീടുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഉല്പന്ന പിരിവിലൂടെയാണ് സാധനങ്ങള്‍ ശേഖരിച്ചത്. അരി, വാഴക്കുല, തേങ്ങ, മരച്ചീനി, ചേമ്പ്, ചേന, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വീടുവീടാന്തരം കയറിയിറങ്ങിയാണ് ശേഖരിച്ചത്. ചന്തകളില്‍ നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിച്ചിരുന്നു. ഉല്പന്ന സംഭരണത്തിന്റെ കണക്കനുസരിച്ചാണ് പാചകപ്പുരകളിലെ വിഭവങ്ങളുടെ വ്യത്യസ്തതയും. ഉല്പന്നപ്പിരിവിന് ജനങ്ങളില്‍ നിന്ന് വന്‍ പിന്തുണയാണ് ലഭിച്ചതെന്ന് നേതാക്കള്‍ പറയുന്നു.പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം സാധനങ്ങളാണ് കലവറകളില്‍ സംഭരിച്ചിട്ടുള്ളത്.
പാചകത്തൊഴിലാളികളെ പുറത്തുനിന്ന് വിളിക്കുകയാണ് ചെയ്തത്. 1500 രൂപ ദിവസക്കൂലിയാണ് ഒരു തൊഴിലാളിക്ക് നല്‍കുന്നത്. ഇത്തരത്തില്‍ 35,000 രൂപ വരെ പ്രതിദിനം കൂലി നല്‍കുന്ന പാചകപ്പുരകളുണ്ട്. വിളമ്പുന്നതും പാത്രം കഴുകുന്നതും എല്ലാം വളണ്ടിയര്‍മാര്‍ തന്നെയാണ്. പച്ചക്കറി അരിയാനും തേങ്ങ ചുരണ്ടാനും എല്ലാം ഉത്സവാന്തരീക്ഷത്തില്‍ വളണ്ടിയര്‍മാര്‍ ഒത്തുചേരും. കസേരകളും മേശകളും പാത്രങ്ങളും എല്ലാം വാടകയ്‌ക്കെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ വിളമ്പാനുള്ള കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും ആലോചനയുണ്ട്.
ഭക്ഷണത്തെപ്പറ്റി പിണറായി വിജയന്‍തന്നെ ഉദ്ഘാടന യോഗത്തില്‍ ഗ്യാരന്റി നല്‍കി. ''വാത്സല്യവും സ്‌നേഹവുംകൊണ്ട് നാട്ടുകാര്‍ നല്‍കിയ ഒന്നാന്തരം വിഭവങ്ങളും നല്ല പച്ചക്കറിയുംകൊണ്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് സമരക്കാര്‍ക്ക് നല്‍കുന്നത്''.

Latest news

- -