LATEST NEWS » INDIA
  Aug 13, 2013
മന്ത്രിമാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഹര്‍ജി
സൈനികര്‍ക്കെതിരായ പരാമര്‍ശം


പട്‌ന: പാകിസ്താന്‍സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍സൈനികരെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ബിഹാര്‍ മന്ത്രിമാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കൃഷിമന്ത്രി നരേന്ദ്രസിങ്, ഗ്രാമവികസനമന്ത്രി ഭീംസിങ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
ജവാന്‍മാരുടെ മൃതദേഹം ഡല്‍ഹിയില്‍നിന്നും പട്‌ന വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ യൂണിഫോം ധരിക്കാതെ ഏറ്റുവാങ്ങാനെത്തിയ ഡിവൈ.എസ്.പി. മനീഷ്‌കുമാര്‍ സിഹ്നക്കെതിരെയും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പട്‌ന ഹൈക്കോടതി അഭിഭാഷകന്‍ രാംസന്ദേശ് റായിയാണ് പട്‌ന സി.ജെ.എം. കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങളെ അപമാനിക്കുകമാത്രമല്ല, ജനവികാരത്തെ മുറിവേല്‍പ്പിക്കുന്നതായെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.
പട്ടാളക്കാരെയും പോലീസുകാരെയും നിയമിക്കുന്നത് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളാകാനാണെന്ന് ഭീംസിങ്ങും അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനുപിന്നില്‍ പാകിസ്താനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നരേന്ദ്രസിങ്ങും പറഞ്ഞതാണ് വിവാദമുണ്ടാക്കിയത്.

Latest news